പേമാരി തുടരുന്നു; ജമ്മുവിൽ മരണം 41 ആയി
Thursday, August 28, 2025 3:05 AM IST
ശ്രീനഗർ/അനന്ത്നാഗ്/ജമ്മു: ജമ്മുകാഷ്മീരിൽ വ്യാഴാഴ്ച അവസാനിച്ച 48 മണിക്കൂറിൽ പേമാരിയെത്തുടർന്നുള്ള അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 41 ആയി.
വൈഷ്ണോദേവി തീർഥാടകപാതയിൽ മണ്ണിടിച്ചിലിൽ മാത്രം 32 ജീവനുകൾ നഷ്ടമായി. ഝലം നദി കരകവിഞ്ഞൊഴുകിയതോടെ അനന്തനാഗിലും ശ്രീനഗറിലും ഒട്ടേറെ ജനവാസ മേഖലകൾ വെള്ളത്തിനടിയിലാണ്. ഇതിനു പുറമേ സംസ്ഥാനത്തെ ഒട്ടേറെ പാലങ്ങളും വീടുകളും വ്യാപാരസമുച്ചയങ്ങളും മഴയിൽ തകർന്നുവീണു.
മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസവകുപ്പ് ഇന്നലെ അവധി നൽകി. ജമ്മുവിലേക്കുള്ളതും ജമ്മുവിൽനിന്ന് പുറപ്പെടുന്നതുമായി 58 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു. 64 ട്രെയിനുകൾ മേഖലയിലെ മറ്റ് സ്റ്റേഷനുകളിൽനിന്ന് സർവീസ് നടത്തും.
വൈഷ്ണോദേവി തീർഥാടകപാതയിലെ റിസായിയിൽ മണ്ണിടിച്ചിലിൽ മേഖലയിൽ രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. മേഖലയിൽ അടിഞ്ഞുകൂടിയ പാറക്കല്ലുകളും മരങ്ങളും നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് മോശം കാലാവസ്ഥ തടസം നിൽക്കുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 30 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞ രണ്ടുപേരും മരണത്തിനു കീഴടങ്ങി. തീർഥാടനം രണ്ടുദിവസമായി നിർത്തിവച്ചിരിക്കുകയാണ്.
വ്യാഴാഴ്ച അവസാനിച്ച 24 മണിക്കൂറിൽ ജമ്മുവിൽ 380 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 1910 നുശേഷം മേഖലയിൽ ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. ജമ്മു മേഖലയിൽ വിവിധ നദീതീരങ്ങളിൽനിന്ന് 5000ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
സാംബ ജില്ലയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒട്ടേറെയാളുകൾ വിവിധയിടങ്ങളിൽ കുടുങ്ങി. തടസപ്പെട്ട വൈദ്യുതി, കുടിവെള്ള വിതരണങ്ങൾ പുനഃ സ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുന്നതായി അധികൃതർ പറഞ്ഞു. കാഷ്മീർ താഴ്വരയിലും മഴ ശമനമില്ലാതെ തുടരുകയാണ്.