ആശുപത്രി നിർമാണത്തിൽ തട്ടിപ്പ് സൗരഭ് ഭരദ്വാജിന്റെ വസതിയിൽ ഇഡി റെയ്ഡ്
Wednesday, August 27, 2025 1:27 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മന്ത്രിയുമായ സൗരഭ് ഭരദ്വാജിന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തി.
എഎപി അധികാരത്തിലിരിക്കേ 2018-19 കാലയളവിൽ 24 ആശുപത്രികളുടെ നിർമാണത്തിൽ അപാകതകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഡൽഹിയിലെ 13 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് സൗരഭിന്റെ വസതിയും ഉൾപ്പെട്ടത്.പിടിച്ചെടുത്ത വസ്തുക്കളുടെയോ കണ്ടെത്തിയ സാന്പത്തിക ക്രമക്കേടുകളുടെയോ വിശദാംങ്ങൾ കേന്ദ്ര ഏജൻസി പുറത്തുവിട്ടിട്ടില്ല.
2018-19 കാലയളവിൽ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികൾക്ക് അനുമതി നൽകിയതിലും നിർവഹണത്തിലും അഴിമതി നടന്നതായി ആരോപിച്ച് 2024 ഓഗസ്റ്റിൽ അന്നത്തെ പ്രതിപക്ഷനേതാവ് വിജേന്ദർ ഗുപ്ത സമർപ്പിച്ച പരാതിയിൽനിന്നാണു കേസ് ആരംഭിച്ചത്.
അനുവദിച്ച ആശുപത്രികളൊന്നും കൃത്യസമയത്ത് പൂർത്തിയാക്കിട്ടില്ലെന്നും നൂറുകണക്കിന് കോടി രൂപയുടെ വർധിച്ച ചെലവുകൾ വിശദീകരിക്കപ്പെട്ടിട്ടില്ലെന്നും ഇഡി ആരോപിക്കുന്നു. അതേസമയം, മോദിസർക്കാരിന്റെ ഏജൻസികളുടെ ദുരുപയോഗത്തിന്റെ ഉദാഹരണമാണു റെയ്ഡെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ ആരോപിച്ചു.
അന്വേഷിക്കുന്ന കാലയളവിൽ സൗരഭ് ഭരദ്വാജ് മന്ത്രിയായിരുന്നില്ലെന്നും കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്നും ഡൽഹി മുൻ മുഖ്യമന്ത്രി അതിഷിയും പ്രതികരിച്ചു.