ഉദ്യോഗാർഥികൾക്കു നേരേ ഡൽഹി പോലീസിന്റെ ലാത്തിച്ചാർജ്
Tuesday, August 26, 2025 1:51 AM IST
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) പരീക്ഷയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നടത്തിയ സമരത്തിനുനേരേ പ്രകോപനമില്ലാതെ ഡൽഹി പോലീസിന്റെ ക്രൂരത. രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധത്തിനുനേരേ ഞായറാഴ്ച രാത്രിയിൽ ലാത്തിച്ചാർജ് നടത്തിയ പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
ജൂലൈ 24നും ഓഗസ്റ്റ് ഒന്നിനുമിടയിൽ 142 നഗരങ്ങളിലായി 194 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷകൾ റദ്ദാക്കൽ, സോഫ്റ്റ്വെയർ തകരാറുകൾ, ബയോമെട്രിക് വെരിഫിക്കേഷൻ പ്രശ്നങ്ങൾ, സെന്റർ അനുവദിക്കുന്നതിലെ അപാകത തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങൾ വഴി ഒത്തുകൂടിയ ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധത്തിനു നേരേയാണ് പോലീസിന്റെ അതിക്രമം.
പോലീസ് നടപടിയെ വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം രംഗത്തു വന്നു. അവകാശങ്ങൾക്കുവേണ്ടി പ്രതിഷേധിച്ചവർക്കു നേരേയുണ്ടായ ക്രൂരമായ ലാത്തിച്ചാർജ് ലജ്ജാകരമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
യുവാക്കൾ അവരുടെ അവകാശങ്ങളായ തൊഴിലും നീതിയും മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ, അവർക്ക് ലാത്തിച്ചാർജിന് ഇരയാകേണ്ടിവന്നു. രാജ്യത്തെ യുവാക്കളെക്കുറിച്ചോ അവരുടെ ഭാവിയെക്കുറിച്ചോ മോദി സർക്കാരിന് ആശങ്കയില്ലെന്നു വ്യക്തമാണ്. സാധാരണക്കാരുടെ ആവശ്യങ്ങൾ ഒരിക്കലും അവരുടെ മുൻഗണനയാകില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
എന്നാൽ, ഉദ്യോഗാർഥികൾ പിരിഞ്ഞുപോകാത്തതിനെത്തുടർന്ന് 44 പേരെ കസ്റ്റഡിയിലെടുക്കുക മാത്രമാണുണ്ടായതെന്നും ബലപ്രയോഗം നടന്നിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. അതേസമയം പോലീസിന്റെ വാദം തെറ്റാണെന്നു തെളിയിക്കുന്ന തരത്തിൽ വീഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്.