ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ വീട്ടുതടങ്കലിൽ
Monday, August 25, 2025 2:24 AM IST
റാഞ്ചി: ജാർഖണ്ഡിലെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപായ് സോറൻ വീട്ടുതടങ്കലിൽ. ആരോഗ്യപഠനകേന്ദ്രത്തിന്റെ നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ഗോത്രവിഭാഗക്കാർ തുടങ്ങിവച്ച സമരത്തെത്തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിച്ചാണു മുൻമുഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
ചംപായ് സോറന്റെ മകൻ ബാബുലാലിനെയും അനുയായികളെയും റാഞ്ചിയിലേക്കുള്ള യാത്രമാധ്യേ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സമരക്കാരെ അനുകൂലിക്കുന്നതിന്റെ പേരിലാണു തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് ചംപായ് സോറൻ പറഞ്ഞു.
1074 കോടിരൂപ ചെലവിൽ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ഇരുപതോളം ഗോത്രസംഘടനകളാണു പ്രക്ഷോഭവുമായി രംഗത്തുള്ളത്. 2600 കിടക്കകളുള്ള ആശുപത്രിയിൽ 100 എംബിബിഎസ് വിദ്യാർഥികൾക്കും 50 ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും പ്രവേശനം നേടാനാകുമെന്ന് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.