അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്
Sunday, August 24, 2025 2:13 AM IST
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു കോടിക്കണക്കിന് രൂപയുടെ നഷ്ടംവരുത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ രണ്ട് കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സിബിഐയുടെ റെയ്ഡ് തുടങ്ങിയത്. വഞ്ചനാകുറ്റം ആരോപിച്ച് എസ്ബിഐ നൽകിയ പരാതിയിൽ കേസെടുത്തതിനു പിന്നാലെയായിരുന്നു ഇത്. നേരത്തേ അനിലുമായി ബന്ധമുള്ള 50 സ്ഥാപനങ്ങളിലും 35ഓളം കമ്പനികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
അനിൽ അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു ലഭിച്ച 2929.05 കോടി രൂപയുടെ വായ്പ തന്റെതന്നെ മറ്റു കമ്പനികള്‍ ഉപയോഗിച്ച് അനില്‍ അംബാനി ദുരുപയോഗം ചെയ്തുവെന്നാണ് എസ്ബിഐ ആരോപിക്കുന്നത്.
പത്തുവർഷം മുന്‍പാണ് വായ്പ അനുവദിച്ചത്. റെയ്ഡിന്റെ പശ്ചാത്തലത്തിൽ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണെന്ന് അനിൽ അംബാനിയുടെ ഓഫീസ് അറിയിച്ചു.