ചർച്ചയില്ലാതെ പാസാക്കിയത് 27 ബില്ലുകൾ
Friday, August 22, 2025 3:20 AM IST
ന്യൂഡൽഹി: ഒരു മാസം നീണ്ടുനിന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ചർച്ചയില്ലാതെ ഇരുസഭകളിലുമായി പാസായത് 27 ബില്ലുകൾ.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് തുടർച്ചയായി പാർലമെന്റ് സ്തംഭിച്ചപ്പോൾ നിർണായക ബില്ലുകൾ ഉൾപ്പെടെ 14 ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഇതിൽ 12 എണ്ണം പാസായി. രാജ്യസഭ 15 ബില്ലുകളും പാസാക്കി. ആദായനികുതി ബിൽ, കായിക ഭരണ ബിൽ, ഓണ്‍ലൈൻ ഗെയിമിംഗ് ബിൽ തുടങ്ങിയ പ്രധാന ബില്ലുകൾ പാസാക്കിയവയിൽ ഉൾപ്പെടുന്നു.
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ അറസ്റ്റിലായി ഒരു മാസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ഉൾപ്പെട്ട മൂന്ന് ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിൽ സഭാ നടപടികൾ തടസപ്പെട്ടെങ്കിലും രാജ്യത്തിനും സർക്കാരിനും വർഷകാല സമ്മേളനം ഗുണകരമായെന്നാണു പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്.
പ്രതിപക്ഷ സഹകരണമില്ലാതിരുന്ന സാഹചര്യത്തിൽ ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കാൻ സർക്കാർ നിർബന്ധിതരായി. ദേശീയ താത്പര്യം മുൻനിർത്തി ജനങ്ങളോടുള്ള കടമ സർക്കാർ നിറവേറ്റിയെന്നും റിജിജു പറഞ്ഞു.