ഓണ്‍ലൈൻ ഗെയിമിംഗ് ബിൽ രാജ്യസഭയും പാസാക്കി
Friday, August 22, 2025 3:20 AM IST
ന്യൂഡൽഹി: പ്രതിപക്ഷ ബഹളങ്ങൾക്കിടെ രാജ്യസഭയിലും പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ് ബിൽ 2025 ചർച്ചയില്ലാതെ പാസാക്കി. ബിൽ ഇരുസഭകളും പാസാക്കിയ സാഹചര്യത്തിൽ രാഷ്ട്രപതി ഒപ്പിട്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കുന്നതോടെ ബിൽ നിയമമാകും.
പണം നിക്ഷേപിച്ചു പണം സന്പാദിക്കാൻ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്നതിനും നിശ്ചിത ഫെഡറേഷനു കീഴിലുള്ള ഇ-സ്പോർട്സ് ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ചില കണക്കുകൾ പ്രകാരം ഓണ്‍ലൈൻ മണി ഗെയിമുകൾ 45 കോടി ആളുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇടത്തരം വരുമാനമുള്ള സാധാരണ കുടുംബങ്ങൾക്ക് 20,000 കോടി രൂപയോളം ഇതുവഴി നഷ്ടമുണ്ടായതായും ബില്ല് അവതരിപ്പിക്കുന്നതിനിടയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി.
ബില്ല് അവതരിപ്പിച്ചപ്പോൾ രാജ്യസഭാംഗങ്ങൾ ഭേദഗതികൾ നിർദേശിച്ചെങ്കിലും അംഗീകരിക്കാതിരുന്നത് പ്രതിഷേധത്തിനു കാരണമായി. തുടർന്ന് സഭ ശബ്ദവോട്ടോടെ ബില്ല് പാസാക്കുകയായിരുന്നു. ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയതോടെ ബുധനാഴ്ചയാണു ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കിയത്.
ഓണ്‍ലൈൻ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് നിരോധിക്കും. പണമിടപാടിനായി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ നൽകുന്ന സേവനങ്ങളും നിരോധിക്കപ്പെടും.