ഡൽഹി മുഖ്യമന്ത്രിക്ക് ‘സെഡ്’ കാറ്റഗറി സുരക്ഷ
Friday, August 22, 2025 2:17 AM IST
ന്യൂഡൽഹി: കഴിഞ്ഞദിവസം ആക്രമണം നേരിട്ട ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സുരക്ഷ വർധിപ്പിച്ചു. സിആർപിഎഫിന്റെ ‘സെഡ്’ കാറ്റഗറി സുരക്ഷയാണ് ഇനിമുതൽ രേഖ ഗുപ്തയ്ക്ക് കേന്ദ്രം ഒരുക്കുന്നത്.
സിആർപിഎഫ് സംഘം ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഡൽഹി പോലീസിൽനിന്ന് സുരക്ഷാചുമതല ഏറ്റെടുത്തു. 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ വസതിക്കകത്തും പുറത്തും അധികസേനയെയും വിന്യസിച്ചിട്ടുണ്ട്.
ജനസന്പർക്ക പരിപാടിക്കിടെ ആക്രമണം നേരിട്ട രേഖയുടെ സുരക്ഷാ ക്രമീകരണത്തിൽ ഡൽഹി പോലീസിനു വീഴ്ചയുണ്ടായെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഏറ്റവും ഉന്നത തലത്തിലുള്ള സുരക്ഷയായ ‘സെഡ്’ വിഭാഗം സുരക്ഷതന്നെ കേന്ദ്രം ഒരുക്കുന്നത്.
22 മുതൽ 25 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരായിരിക്കും ഒരേസമയം മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക. അതിനിടെ, രേഖ ഗുപ്തയ്ക്കു നേരേ ആക്രമണം നടത്തിയ രാജേഷ് ഭായ് കിംജിയെ ഡൽഹി കോടതിയിൽ ഹാജരാക്കിയതിനുശേഷം അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.