ഇന്ത്യക്ക് എണ്ണ നല്കുന്നതു തുടരും: റഷ്യ
Thursday, August 21, 2025 2:03 AM IST
ന്യൂഡൽഹി: അധികതീരുവയും ഉപരോധവും ഉള്‍പ്പെടെ യുഎസിന്റെ സമ്മര്‍ദം തുടരുമ്പോഴും ഇന്ത്യക്കുള്ള എണ്ണവിതരണം തുടരുമെന്ന് റഷ്യ.
ചര്‍ച്ചകള്‍ക്കു വിധേയമായി എണ്ണവിലയില്‍ ഇന്ത്യക്ക് അഞ്ചുശതമാനം ഇളവ് നല്‍കുമെന്നും ഇന്ത്യയിലെ റഷ്യയുടെ ഉപവ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിലും മുന്‍പുള്ളതിനു സമാനമായ അളവില്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും എവ്ജെനി ഗ്രിവ വ്യക്തമാക്കി.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കു മേൽ സമ്മർദം ചെലുത്തുന്ന യുഎസ് നടപടി ന്യായീകരിക്കാനാകാത്തതാണെന്ന് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബബുഷ്കിനും അഭിപ്രായപ്പെട്ടു. വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് ഇന്ത്യ നേരിടുന്നതെന്നും ഇന്ത്യയുമായുള്ള ബന്ധം ഉറച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്നതിൽ ബ്രിക്സ് കൂട്ടായ്മയുടെ പങ്ക് നിർണായകമാണ്. റഷ്യക്കു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നവരെ ത്തന്നെ അതു ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.