“യുദ്ധം നിർത്തണം”; പുടിനും മോദിയും ഫോണിൽ സംസാരിച്ചു
Tuesday, August 19, 2025 2:57 AM IST
ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധം സമാധാനപരമായി അവസാനിക്കണമെന്ന ഇന്ത്യയുടെ ഉറച്ച നിലപാട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു മോദി നിലപാട് അറിയിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പുടിൻ മോദിയെ അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച അലാസ്കയിൽ നടന്ന കൂടിക്കാഴ്ച വെടിനിർത്തൽ കരാറിലെത്താതെ അവസാനിച്ചിരുന്നു.
സമാധാനത്തിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടായിരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുകയെന്ന ലക്ഷ്യത്തോടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.