ജന്മാഷ്ടമി ആഘോഷത്തിനിടെ രഥം വൈദ്യുത കന്പിയിൽ തട്ടി; അഞ്ചു പേർ മരിച്ചു
Tuesday, August 19, 2025 2:57 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടെ ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം ഹൈടെൻഷൻ വൈദ്യുത കന്പിയിൽ തട്ടി അഞ്ചുപേർ മരിച്ചു. നാലു പേർക്കു പൊള്ളലേറ്റു.
രാമനാഥപുരിൽ ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. ഘോഷയാത്ര അവസാനിക്കാൻ നൂറു മീറ്റർ മാത്രം ദൂരമുള്ളപ്പോൾ ആയിരുന്നു ദുരന്തം. രഥം വഹിച്ച വാഹനത്തിൽ ഇന്ധനം തീർന്നതോടെ ഒൻപതാളുകൾകൂടി വാഹനം തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
രഥത്തിനുമുകളിലുള്ള പിച്ചളകൊണ്ടുള്ള മകുടത്തിൽ ഹൈടെൻഷൻ ലൈൻ തട്ടുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ആശുപത്രി സന്ദർശിച്ച തെലുങ്കാന ഐടി മന്ത്രി ഡി. ശ്രീധർ ബാബു പറഞ്ഞു.