മഹാരാഷ്ട്രയിൽ ശിവസേന-എംഎൻഎസ് സഖ്യം യാഥാർഥ്യമാകുന്നു
Monday, August 18, 2025 2:32 AM IST
മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശിവസേനയും (ഉദ്ധവ് ) എംഎൻഎസും സഖ്യത്തിൽ മത്സരിക്കുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്പായിരിക്കും സഖ്യം സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുക. മുംബൈ, താനെ, കല്യാൺ-ഡോംബിവലി, നാസിക്, ഛത്രപതി സംഭാജിനഗർ എന്നിവിടങ്ങളിൽ എംഎൻഎസുമായി സഖ്യമുണ്ടാക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ഇന്നു നടക്കുന്ന ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്സ് (ബെസ്റ്റ്) ക്രെഡിറ്റ് സൊസൈറ്റി തെരഞ്ഞടുപ്പിൽ ശിവസേനയും എംഎൻഎസും സഖ്യത്തിലാണു മത്സരിക്കുന്നത്. 21 അംഗ ഭരണസമിതിയിലെ 18 സീറ്റിൽ ശിവസേനയും രണ്ടിൽ എംഎൻഎസും മത്സരിക്കുന്നു. ഒരു സീറ്റ് പട്ടികജാതി-പട്ടികവർഗ അസോസിയേഷനു നല്കി.
നിലവിൽ ക്രെഡിറ്റ് സൊസൈറ്റിയുടെ ഭരണം ശിവസേനയ്ക്കാണ് (ഉദ്ധവ്). രണ്ടു ദശകത്തിനുശേഷം ആദ്യമായി കഴിഞ്ഞ മാസം ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒരേ വേദിയിലെത്തിയിരുന്നു.