ഇന്ത്യാ വിഭജനത്തിൽ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എൻസിഇആർടി മൊഡ്യൂൾ
Sunday, August 17, 2025 1:49 AM IST
ന്യൂഡൽഹി: വിഭജനഭീതി അനുസ്മരണദിനം ആചരിക്കുന്നതിനായി എൻസിഇആർടി പുറത്തിറക്കിയ പ്രത്യേക മൊഡ്യൂൾ രാഷ്ട്രീയ വിവാദത്തിൽ.
ഇന്ത്യയുടെ വിഭജനത്തിനു കാരണക്കാരായി മുഹമ്മദ് അലി ജിന്നയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിനെയും കുറ്റപ്പെടുത്തുന്ന മൊഡ്യൂളാണ് വിവാദമായത്. പാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് മൊഡ്യൂളിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകൾക്കായി എൻസിഇആർടി പുറത്തിറക്കിയ മൊഡ്യൂളിൽ ‘വിഭജനത്തിന്റെ കുറ്റവാളികൾ’ എന്ന പാഠഭാഗത്തിലാണ് വിവാദ പരാമർശങ്ങൾ.
ഇന്ത്യാ വിഭജനവും പാക്കിസ്ഥാൻ രൂപീകരണവും ഒരുതരത്തിലും അനിവാര്യമായിരുന്നില്ലെന്നു വ്യക്തമാക്കുന്ന പാഠഭാഗത്തിൽ ജിന്നയെ വിഭജനം ആവശ്യപ്പെട്ടതിനും കോണ്‍ഗ്രസിനെ വിഭജനം അംഗീകരിച്ചതിനും മൗണ്ട് ബാറ്റണിനെ വിഭജനം നടപ്പിലാക്കിയതിനുമാണ് കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യാ വിഭജനത്തിന് ഹിന്ദു മഹാസഭയെയും ജിന്നയുടെ മുസ്ലിം ലീഗിനെയും കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ശക്തമായ ഭാഷയിലാണ് തിരിച്ചടിച്ചത്.
എഐസിസി കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിഭജനത്തിന്റെ ചരിത്രത്തിൽ 1938 എന്ന വർഷത്തിനു വളരെ പ്രാധാന്യമുണ്ടെന്നും ആ വർഷമാണ് സബർമതി തീരത്ത് ഹിന്ദു മഹാസഭ ദേശീയ സമ്മേളനം കൂടി, ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഒരേ രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തതെന്നും പവൻ ചൂണ്ടിക്കാട്ടി.
1940ൽ മുസ്ലിം ലീഗിന്റെ ലാഹോർ സമ്മേളനം ഹിന്ദുമഹാസഭയുടെ നിലപാട് ആവർത്തിച്ചു. 1942ൽ ഹിന്ദു മഹാസഭയുടെയും മുസ്ലിംലീഗിന്റെയും സഖ്യം വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലും ബംഗാളിലും സിന്ധിലും അധികാരത്തിലെത്തിയെന്നും പവൻ പറഞ്ഞു.