എഡിജിപി അജിത്തിനെ വെള്ളപൂശിയ വിജിലൻസ് റിപ്പോർട്ട്; പരാതിക്കാരനെ കേൾക്കാതെ
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനം അടക്കം എഡിജിപി എം.ആർ അജിത്കുമാറിനെതിരേ ഉയർന്ന ആരോപണങ്ങളിൽ പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താതെയുള്ള വിജിലൻസിന്റെ ക്ലീൻചിറ്റ് റിപ്പോർട്ട് പുറത്ത്.
അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നു കോടതിയിൽ പരാതിപ്പെട്ട അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജിന്റെ മൊഴിയോ അദ്ദേഹത്തിൽനിന്നു തെളിവോ ശേഖരിക്കാതെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതെന്നാണു വ്യക്തമാകുന്നത്. ഇതേത്തുടർന്ന് 30നു കോടതി നേരിട്ട് അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജിന്റെ മൊഴി രേഖപ്പെടുത്തും.
ആരോപണവിധേയനായ അജിത്തിന്റെ മൊഴി മാത്രം വിശ്വാസത്തിലെടുത്തുള്ള റിപ്പോർട്ടാണിതെന്ന് വിജിലൻസ് കോടതി നേരത്തേ വിമർശിച്ചിരുന്നു. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അന്വേഷണം. അൻവറിന് തെളിവുകളൊന്നും ഹാജരാക്കാനായില്ല.
പക്ഷേ അജിത്തിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുണ്ട്. ആരോപണം അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമായതിനാൽ കേസെടുക്കേണ്ടതില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. അനധികൃത സ്വത്തുണ്ടാക്കിയെന്ന ആരോപണത്തിലും അജിത്തിനെതിരേ തെളിവില്ല.
അതേസമയം, വിജിലൻസിന്റെ നിയമോപദേശകന്റെ ഒപ്പില്ലാതെയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതത്രേ. കരിപ്പുർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അജിത്തിന് പങ്കുണ്ടെന്ന പി.വി.അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അവിടത്തെ ഒരു നടപടിയിലും അജിത്ത് ഇടപെട്ടിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.
മലപ്പുറം എസ്പി ഓഫീസിൽനിന്ന് തേക്കുമരം കടത്തിക്കൊണ്ടുപോയി ഫർണിച്ചറുണ്ടാക്കിയെന്ന ആരോപണത്തിൽ കഴന്പില്ല. കവടിയാറിൽ വീടുണ്ടാക്കുന്നതിൽ അഴിമതിപ്പണമുണ്ടെന്ന ആരോപണത്തിൽ തെളിവില്ല.
നിയമപരമല്ലാത്ത കാര്യങ്ങളൊന്നും അവിടെ നടക്കുന്നില്ല. അജിത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് എല്ലാ ആരോപണങ്ങളിലും ക്ലീൻ ചിറ്റ്. മലപ്പുറത്തെ സ്വർണക്കടത്ത് കേസുകളിൽ അജിത് ഇടപെട്ടിട്ടില്ലെന്ന് പോലീസുകാരുടെ മൊഴികളുണ്ട്. നിയമവിരുദ്ധമായി ഇടപെട്ടില്ലെന്ന് എസ്പി സുജിത്ത്ദാസും മൊഴി നൽകി.
അജിത്തിന്റെയും ഭാര്യയുടെയും ബന്ധുക്കൾക്ക് ദുബായിൽ ജോലിയോ ബിസിനസോ ഇല്ല. അജിത്തിന് ദുബായിൽ ഒരു ബിസിനസിലും നിക്ഷേപമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥരുടെ ശന്പളം പിടിക്കണമെന്ന് പരാതിക്കാരൻ
തിരുവനന്തപുരം: അനധികൃത സ്വത്തുസന്പാദനക്കേസിൽ എഡിജിപി എം.ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് ഉദ്യോഗസ്ഥരുടെ ശന്പളം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജു.
പ്രാഥമിക വിവരശേഖരണംപോലും വിജിലൻസ് നടത്തിയിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. അന്വേഷണം നടത്താതെ അജിത്തിന്റെ മൊഴി മാത്രം വിശ്വസിച്ച് ക്ലീൻചിറ്റ് നൽകിയെന്നാണ് ആരോപണം.