നിയന്ത്രണംവിട്ട കാര്‍ സ്കൂള്‍ മതിൽ തകർത്തു; മൂന്നു വയസുകാരൻ മരിച്ചു
Sunday, August 17, 2025 1:49 AM IST
സൗത്ത് പാമ്പാടി: നിയന്ത്രണംവിട്ട കാര്‍ സ്കൂള്‍ മതിലില്‍ ഇടിച്ചുകയറി മൂന്നു വയസുകാരന് ദാരുണാന്ത്യം. സംഭവത്തില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയടക്കം അഞ്ചുപേര്‍ക്കു പരിക്കേറ്റു.
രാമപുരം ഇഞ്ചനാനി നിരപ്പേല്‍ ടിനുമോന്‍-മെറിന് ദമ്പതികളുടെ മകന് കീത്ത് തോമസാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.40 ന് കുറ്റിക്കല്‍ കവലയിലായിരുന്നു അപകടം.
വാഹനം ഓടിച്ചിരുന്ന കെയ്ത്തിന്റെ അമ്മയുടെ പിതാവ് കെ.ജി. മാത്യുവിനു(72 ) രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തല്‍ക്ഷണം നിയന്ത്രണം വിട്ട കാര്‍ സമീപത്തെ സ്കൂള്‍ മതിലിലേക്ക് ഇടിച്ചുകയറി.
കുറുപ്പുംതറയില്‍ മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
പാമ്പാടി ഭാഗത്തുനിന്ന് മല്ലപ്പള്ളി ഭാഗത്തേക്കു പോകുന്പോഴാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്.
കീത്തിന്റെ സഹോദരന് കിയാൻ(ഒമ്പത്) മാതാവ് മെറിന് മാത്യു (40) ശോശാമ്മ മാത്യു (68), ലൈസമ്മ തോമസ് (60) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.