വിശ്വജ്യോതി കോളജ് ഓട്ടോണമസ് പദവിക്ക് സാങ്കേതിക സര്‍വകലാശാലയുടെ അംഗീകാരം
Sunday, August 17, 2025 1:49 AM IST
വാഴക്കുളം: വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് ഓട്ടോണമസ് പദവിക്ക് സാങ്കേതിക സര്‍വകലാശാലയുടെയും അംഗീകാരം.
യുജിസി നല്കിയ സ്വയംഭരണാവകാശം എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലകൂടി അംഗീകരിച്ചതോടെ 2025-26 അധ്യയനവര്‍ഷം മുതല്‍ പത്തുവര്‍ഷത്തേക്ക് ഓട്ടോണമസ് പദവിയുള്ള കോളജായി വിശ്വജ്യോതി മാറും.
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനനിലവാരത്തിലും, അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ്.
പഠനനിലവാരത്തില്‍ കേരളത്തില്‍ ആകെയുള്ള എന്‍ജിനിയറിംഗ് കോളജുകളില്‍ 14-ാം സ്ഥാനവും സ്വകാര്യമേഖലയില്‍ നാലാം സ്ഥാനവും കോളജിനുണ്ട്. 2001ല്‍ കോതമംഗലം രൂപതയുടെ കീഴില്‍ ആരംഭിച്ച വിശ്വജ്യോതി കോളജില്‍ ബി.ടെക് കോഴ്സുകളായ സിവില്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് ഡേറ്റ സയന്‍സും കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഡിസൈന്‍, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് എന്നിവയും, ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയില്‍ നാല് വര്‍ഷ ഡിഗ്രി കോഴ്സ്, എംബിഎ, എം.ടെക് ഉള്‍പ്പടെ നാല് പോസ്റ്റ് ഗ്രാജ്വേഷന് കോഴ്സുകളുമാണ് ഇപ്പോഴുള്ളത്.
2023ല്‍ നാക് അക്രഡിറ്റേഷന് എ ഗ്രേഡും ലഭിക്കുകയുണ്ടായി. അക്കാദമിക മികവ് കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍, റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ്, ഫാബ് ലാബ്, മികവുറ്റ പ്ലെയ്സ്മെന്റ് റിക്കാര്‍ഡ്, ഇന്റര്‍നാഷണല്‍ ഇന്റേണ്‍ഷിപ്പ്, ഇന്റസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷന് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, മൂന്നു ജില്ലകളെ ബന്ധിപ്പിച്ചുള്ള വിപുലമായ യാത്ര സൗകര്യങ്ങളും, ഫോറിന് ലാംഗ്വേജ് ഡിവിഷന് തുടങ്ങിയ മറ്റനേകം അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് യുജിസിയും, യൂണിവേഴ്സിറ്റിയും ഇപ്പോള്‍ സ്വയംഭരണ പദവി നല്‍കിയിട്ടുള്ളത്.