വെള്ളാപ്പള്ളിയുടേത് സംഘപരിവാർ അജൻഡ: വി.ഡി. സതീശൻ
Sunday, August 17, 2025 1:49 AM IST
തൊടുപുഴ: വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘപരിവാർ അജൻഡയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുട്ടം റൈഫിൾ ക്ലബിൽ യുഡിഎഫ് ജില്ലാ നേതൃസംഗമത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
വിദ്വേഷത്തിന്റെ കാന്പയിനുമായി ആര് ഇറങ്ങിയാലും പ്രതിപക്ഷം അതിനെ എതിർക്കും. ഞങ്ങൾക്ക് ആരെയും ഭയമില്ല. സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും അജൻഡ വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്.
കർഷകരെയും ജനങ്ങളെയും എങ്ങനെ ദ്രോഹിക്കാമെന്നതിലാണ് സർക്കാർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഏജൻസിയായി വനംവകുപ്പ് മാറിയിരിക്കുകയാണ്.
സിഎച്ച്ആർ മേഖലയിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സുപ്രീംകോടതി വിധിയിൽ അനിശ്ചിതത്വം ഉണ്ടാക്കുന്ന തരത്തിലാണ് വനം വകുപ്പ് പ്രവർത്തിക്കുന്നത്.
മനുഷ്യൻ താമസിക്കുന്ന സ്ഥലത്താണ് നിയമം ലംഘിച്ചുവെന്ന നോട്ടീസ് നിയമവിരുദ്ധമായി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.