കൈവിട്ട് കുരുക്ക്; ജനം പെരുവഴിയിൽ
Sunday, August 17, 2025 1:49 AM IST
മുരിങ്ങൂർ/ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരുടെ ദുരിതം തുടരുന്നു. ഇന്നലെ മണിക്കൂറുകളാണ് മുരിങ്ങൂർ, ചാലക്കുടി, കൊരട്ടി, ചിറങ്ങര മേഖലയിൽ വാഹനങ്ങളും യാത്രക്കാരും കുടുങ്ങിക്കിടന്നത്.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ആംബുലൻസുകളുമടക്കം വഴിയിൽ കുരുങ്ങി. മുരിങ്ങൂർ മുതൽ അഞ്ചു കിലോമീറ്ററിലേറെ വാഹനനിര നീണ്ടതോടെ ചാലക്കുടി നഗരവും സ്തംഭിച്ചു. സർവീസ് റോഡുകളടക്കം നിശ്ചലമായി.
മുന്നൊരുക്കമോ ദീർഘവീക്ഷണമോ ഇല്ലാതെ ദേശീയപാതയിൽ നടക്കുന്ന അശാസ്ത്രീയ നിർമാണങ്ങളിൽപ്പെട്ട് പ്രദേശവാസികളും ഹൈവേ യാത്രികരും വലയാൻ തുടങ്ങിയിട്ടു മാസങ്ങളായി.
പതിനായിരക്കണക്കിനു വാഹനങ്ങൾ ഇരുദിശകളിലേക്കും ദൈനംദിനം കടന്നുപോകുന്ന നാഷണൽ ഹൈവേ ബദൽ സംവിധാനം കാര്യക്ഷമമാക്കാതെ അധികൃതർ അടച്ചു കെട്ടിയതിന്റെ പരിണിതഫലമാണ് മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലകളിലെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക്.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന മുരിങ്ങൂരിലെ സർവീസ് റോഡിൽ വെള്ളംനിറഞ്ഞ കുഴിയിൽപ്പെട്ട് തടികയറ്റി വന്ന ലോറി വെള്ളിയാഴ്ച രാത്രി 9.15നു മറിഞ്ഞിരുന്നു. അപ്പോൾമുതൽ രൂപപ്പെട്ട ഗതാഗതക്കുരുക്കിനു ചെറിയൊരു അയവുവന്നത് ഇന്നലെ ഉച്ചയ്ക്കുശേഷമാണ്.