എഡിജിപി അജിത്തിന് വിജിലൻസ് ക്ലീൻചിറ്റ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് യുഡിഫ്
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്ത്കുമാറിന് ക്ലീൻ ചീറ്റ് നൽകിയ സംഭവത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് യുഡിഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി.
അനധികൃത സ്വത്ത് സന്പാദനക്കേസിൽ അജിത്തിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളിക്കളഞ്ഞുകൊണ്ട് നടത്തിയ പരാമർശം അത്യന്തം ഗൗരവതരമാണ്.
വിജിലൻസ് കൃത്യമായ അന്വേഷണം നടത്തിയില്ല, തെളിവുകൾ കണക്കിലെടുത്തില്ല തുടങ്ങിയ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. രാഷ്ട്രീയ ഇടപെടലും അധികാര ദുരുപയോഗവുമാണ് സംഭവിച്ചത്.
പൂരം കലക്കൽ ഉൾപ്പെടെ അഴിമതി അരോപണമുള്ള ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയും ഓഫീസും സംരക്ഷിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെളിയിക്കപ്പെടണം. അതിനുള്ള അവസരമാണ് കോടതി പരാമർശത്തിലൂടെ ലഭിച്ചത്.അന്തസുള്ള മുന്നണിയാണ് കേരളം ഭരിക്കുന്നതെങ്കിൽ മുഖ്യമന്ത്രിയോട് രാജിവയ്ക്കാനും നീതിപൂർവമായ അന്വേക്ഷണം നേരിടാനും ആവശ്യപ്പെടണം.
ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയിലെ ഘടക കക്ഷികളുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ട്. നീതിന്യായ വ്യവസ്ഥ അട്ടിമറിക്കാൻ ഘടക കക്ഷികളും കൂട്ടുനിൽക്കുമോ എന്നറിയാൻ താൽപര്യമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.