തദ്ദേശ തെരഞ്ഞെടുപ്പിൽ കത്തോലിക്ക കോൺഗ്രസ് ഇടപെടും: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Sunday, August 17, 2025 1:49 AM IST
മുണ്ടൂർ (പാലക്കാട്): വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായി ഇടപെടുമെന്നു പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പാലക്കാട് യുവക്ഷേത്രയിൽ നടത്തുന്ന നാഷണൽ യൂത്ത് കോൺഫറൻസ്-എൻവൈസി 2K25 ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സമുദായശക്തീകരണത്തിൽ സമുദായസംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ ക്രിയാത്മകമായ ഇടപെടലുകൾക്കു കൂടുതൽ കരുത്തും വേഗവും പകരാൻ യൂത്ത് കൗൺസിലിനു കഴിയുമെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ സന്ദേശംനൽകി.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, പാലക്കാട് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ ഭാരവാഹികളായ തോമസ് ആന്റണി, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ജോയ്സ് മേരി ആന്റണി, ഡെന്നി തെങ്ങുംപള്ളിൽ, പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ, ആന്റണി കുറ്റിക്കാടൻ, എബി വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കോൺഫറൻസിനു മുന്നോടിയായി ഗ്ലോബൽ പ്രസിഡന്റ് പ്രഫ . രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തി. യൂത്ത് കോൺഫറൻസ് ഇന്നു സമാപിക്കും.