നടിയെ ആക്രമിച്ച കേസില്‍ സത്യം ഉടന്‍ പുറത്തു വരണം: ശ്വേത മേനോൻ
Sunday, August 17, 2025 1:49 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സത്യം ഉടന്‍ പുറത്ത് വരണമെന്ന് താരസംഘടന അമ്മയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോന്.
കേസുമായി ബന്ധപ്പെട്ട് വലിയ കാലതാമസമാണ് ഇതുവരെ സംഭവിച്ചത്. ഇനിയും വൈകരുത്. അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണം. നടിയെ ആക്രമിച്ച കേസ് ഗൗരവമുള്ള വിഷയമാണ്.
അതിജീവിതയ്ക്കൊപ്പം എല്ലാവരുമുണ്ടെന്നും കേസില്‍ എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും പ്രതികരിച്ച ശ്വേത മേനോന് നമ്മുടെ നിയമത്തിലെ പല കാര്യങ്ങളും മാറാന്‍ സമയമായി കഴിഞ്ഞെന്നും പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.
അമ്മയെ എങ്ങനെ നന്നാക്കം എന്നാണ് ആലോചിക്കുന്നത്. സംഘടനയില്‍ നിന്ന് പോയവര്‍ തിരിച്ചെത്തണം. അമ്മയുടെ അടിയന്തര അജന്‍ഡയില്‍ ഈ കാര്യം ഇല്ല. രാജിവച്ചു പോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അവരെ തിരിച്ചെത്തിക്കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ മുന്‍കൈ എടുക്കും. മിക്ക പ്രശ്നങ്ങളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താല്‍ തീരുന്നതേയുള്ളൂ. സംസാരിക്കാന്‍ തയാറാണ്. തുടര്‍നടപടികള്‍ ജനറല്‍ ബോഡി വഴിയാകും നടക്കുകയെന്നും ശ്വേത മേനോന് പറഞ്ഞു.
സാഹചര്യം വരുമ്പോള്‍ സംസാരിക്കാമെന്ന് ഭാവന
അമ്മയുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. താന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാമെന്നും ഭാവന പറഞ്ഞു.