കർദിനാൾ മാർ ക്ലീമിസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആരംഭിച്ചു
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ആരംഭിച്ചു.
രാവിലെ നടന്ന സമൂഹബലിക്കു ശേഷം മാർ ക്ലീമിസ് ബാവ ജൂബിലി തിരി തെളിച്ചു. ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് പ്രസംഗിച്ചു. ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, മാത്യൂസ് മാർ പോളികാർപ്പസ്, ആന്റണി മാർ സിൽവാനോസ് എന്നിവരും നൂറിലധികം വൈദികരും സമൂഹബലിയിൽ സഹകാർമികരായിരുന്നു.
2001 ഓഗസ്റ്റ് 15 നാണ് ഫാ. ഐസക് തോട്ടുങ്കൽ മലങ്കര കത്തോലിക്കാ സഭയിൽ ഐസക് മാർ ക്ലീമിസ് എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നത്. തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാനും വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും മലങ്കര കത്തോലിക്കാ വിശ്വാസികളുടെ അപ്പസ്തോലിക വിസിറ്റേറ്ററുമായിട്ടായിരുന്നു പ്രഥമ നിയമനം. തുടർന്ന് 2003ൽ തിരുവല്ല രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റെടുത്തു.
2006ൽ തിരുവല്ല രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പായി ഐസക് മാർ ക്ലീമിസ് നിയമിതനായി. 2007 ൽ മലങ്കര കത്തോലിക്കാ സഭാധ്യക്ഷനായിരുന്ന മേജർ ആർച്ച്ബിഷപ്പ് സിറിൾ മാർ ബസേലിയോസ് കാതോലിക്കാ ബാവ കാലം ചെയ്തപ്പോൾ സഭയുടെ സുനഹദോസ് 2007 ഫെബ്രുവരി എട്ടിന് രണ്ടാമത്തെ മേജർ ആർച്ച്ബിഷപ്പായി ഐസക് മാർ ക്ലീമിസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുത്തു.
2007 മാർച്ച് അഞ്ചിന് ബസേലിയോസ് ക്ലീമിസ് എന്ന പേരിൽ സ്ഥാനാരോഹണം ചെയ്തു. 2012 ഒക്ടോബർ 24ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ സാർവത്രിക സഭയിലെ കർദിനാളായി നിയമിച്ചു.
നാൽപത്തിയൊന്നാമത്തെ വയസിൽ മെത്രാനായി നിയമിക്കപ്പട്ടപ്പോൾ ഭാരത സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനും 2012 ൽ കർദിനാളായി നിയമിക്കപ്പെട്ടപ്പോൾ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ എന്ന ബഹുമതിയും മാർ ക്ലീമിസ് ബാവയ്ക്കായിരുന്നു.
ഫ്രാൻസിസ് മാർപാപ്പ പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള തിരുസംഘത്തിലും മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗണ്‍സിലിലും അംഗമായി നിയമിച്ചു. രണ്ടു മാർപാപ്പമാരെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവിൽ സംബന്ധിച്ചു.
2014 മുതൽ 2018 വരെ രണ്ടു പ്രാവശ്യം ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ കോണ്‍ഫറൻസിന്റെ തലവനായിരുന്നു. ഇപ്പോൾ കെസിബിസിയുടെ പ്രസിഡന്റാണ്.