സർവകലാശാലകളിൽ "വിഭജനഭീതിദിനാചരണം' നടത്തണമെന്നു ഗവർണർ, നടക്കില്ലെന്നു സർക്കാർ
Thursday, August 14, 2025 3:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ഓഗസ്റ്റ് 14ന് വിഭജനഭീതി ദിനാചരണം നടത്തണമെന്ന ഗവർണറുടെ സർക്കുലർ നടപ്പാക്കരുതെന്നു സർക്കാർ.
സർവകലാശാലകളിൽ വിഭജനഭീതിദിനാചരണത്തോട് അനുബന്ധിച്ച് സെമിനാറുകളും നാടകങ്ങളും നടത്തണമെന്നായിരുന്നു ഗവർണർ വൈസ് ചാൻസലർമാർക്ക് സർക്കുലർ അയച്ചത്.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം വീണ്ടും നല്കിയ അറിയിപ്പിൽ ഓരോ കോളജിലും നടത്തിയ കാര്യങ്ങളെക്കുറിച്ചുള്ള ഒരു വിവരണം നല്കണമെന്ന നിർദേശവും വച്ചിരുന്നു.സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ദിനം ആചരിക്കാൻ നിർദേശം വന്നത്.
എന്നാൽ ഗവർണറുടെ നിലപാടിനെതിരേ ശക്തമായ പ്രതികരണവുമായി സർക്കാർ രംഗത്തെത്തി. ഇത്തരത്തിലൊരു പരിപാടി നടത്തേണ്ടെന്നും പരിപാടി മതധ്രുവീകരണത്തിനും സാമുദായിക സ്പർധയ്ക്കും ഇടയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
ചാൻസലറായ ഗവർണർ വിഭജനഭീതിദിനാചരണം നടത്തണമെന്നും പ്രോ ചാൻസറായ വകുപ്പു മന്ത്രി പരിപാടി നടത്തരുതെന്നും നിലപാടുമായി രംഗത്തു വന്നതോടെ യഥാർഥത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത് സർവകലാശാലാ അധികൃതരാണ്.
ഇതിനിടെ, ദിനാചരണം നടത്തിയാൽ തടയുമെന്ന് കെഎസ്യുവും എസ്എഫ്ഐയും അറിയിച്ചു.