നിയമസഹായം വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി
Thursday, August 14, 2025 3:49 AM IST
നെടുമ്പാശേരി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ പ്രീതി മേരിയുടെ പാറക്കടവിലെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. സിസ്റ്ററുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച മന്ത്രി, കേസില്‍ സാധ്യമായ എല്ലാ നിയമസഹായങ്ങളും വാഗ്ദാനം ചെയ്തു.
സിസ്റ്ററിനെതിരേ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കാന്‍ ഇടപെടണമെന്ന് കുടുംബാംഗങ്ങള്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ നേരിട്ടുള്ള ഇടപെടലുകള്‍ക്കു പരിമിതിയുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങള്‍ക്കും ഒപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പുനല്‍കി.
കന്യാസ്ത്രീക്ക് ജാമ്യം ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയതിന് കുടുംബാംഗങ്ങള്‍ കേന്ദ്രമന്ത്രിയോട് നന്ദി അറിയിച്ചു. തുടര്‍ന്നും എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.