തൃശൂരിൽ ഇരട്ടവോട്ടുവിവാദം ടോപ് ഗിയറിലേക്ക്
Thursday, August 14, 2025 1:37 AM IST
തൃശൂർ: ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഇരട്ടവോട്ട് - വ്യാജ വോട്ടർപട്ടിക വിവാദം ടോപ് ഗിയറിലേക്ക്.
ഓരോ ദിവസവും കള്ളവോട്ടുകളുടെ തെളിവുകളും സൂചനകളും പുറത്തുവരുന്പോൾ ബിജെപി കൂടുതൽ പ്രതിരോധത്തിലാകുന്നുണ്ടെങ്കിലും സുരേഷ്ഗോപിക്കെതിരേയുള്ള രണ്ടു മുന്നണികളുടെയും ആക്രമണത്തെ ഒറ്റക്കെട്ടായി തടയാൻ ബിജെപി നേതാക്കൾ തൃശൂരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
യുഡിഎഫും എൽഡിഎഫും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ അക്കമിട്ടുനിരത്തി പുതിയ തെളിവുകൾ പുറത്തുകൊണ്ടുവരികയാണ്. ബിജെപി ജില്ലാ നേതാവിന്റെ മേൽവിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ടുചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
തൃശൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. ആതിരയുടെ വിലാസം ഉപയോഗിച്ചാണ് സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ വോട്ടുചെയ്തതെന്നാണ് പുതിയ ആക്ഷേപം. ഉണ്ണികൃഷ്ണന് ഇരട്ടവോട്ടുണ്ടെന്ന ആരോപണം സന്ദീപ് വാര്യർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
എന്നാൽ വി. ഉണ്ണികൃഷ്ണൻ ഈ ആരോപണം തള്ളി. വോട്ടുചെയ്തതു തൃശൂരിൽമാത്രമെന്നാണ് വിശദീകരണം. വി. ഉണ്ണികൃഷ്ണനായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്.
സ്ഥിരതാമസക്കാരനാണെന്നു കാണിക്കുന്നതിനുവേണ്ടി ജില്ലാ വൈസ് പ്രസിഡന്റിന്റെ അഡ്രസ് ഉപയോഗിക്കുകയാണ് ചെയ്തത്. കേരളവർമ കോളജിലെ 53-ാം നന്പർ ബൂത്തിലാണ് വോട്ട് ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണനു പൊന്നാനി മണ്ഡലത്തിലും വോട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ ആലത്തൂരിൽനിന്നു തൃശൂർ മണ്ഡലത്തിൽ ചേർത്ത വോട്ടുകൾ തിരികെ ചേർക്കുന്നതായും ആരോപണമുയർന്നു.
തൃശൂർ കോലഴി പഞ്ചായത്തിലെ ശോഭാ സിറ്റി മേഖലയിൽനിന്ന് 236 പേരാണ് വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷ നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ അയ്യന്തോൾ, പൂങ്കുന്നം മേഖലകളിൽ ബിജെപി മാറ്റിച്ചേർത്ത വോട്ടുകളാണ് ഇതെന്നു കോലഴി പഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്ഗ്രസ് നേതാവുമായ എൻ.എ. സാബു ആരോപിച്ചു. ഇതിനെതിരേ കോണ്ഗ്രസ് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയിട്ടുണ്ട്.