േദശീയപാത വികസനത്തിന്റെ പേരിൽ നടക്കുന്നത് നിർമാണക്കമ്പനിയുടെ തന്നിഷ്ടം
1547085
Thursday, May 1, 2025 1:12 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവൃത്തികളിലെ അപാകതകളും മേഖലയിൽ മണിക്കൂറുകളോളം രൂപപ്പെടുന്ന ഗതാഗതക്കുരുക്കുകളും പ്രദേശവാസികളെയും ദീർഘദൂര യാത്രികരെയും ഒരുപോലെ വലയ്ക്കുകയാണ്.
വിവിധ കോണുകളിൽനിന്നും പ്രതിഷേധങ്ങൾ ഉയരുകയും ജില്ലാ കളക്ടർ തന്നെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ജംഗ്ഷനുകളിലെ പ്രശ്നബാധിത ഇടങ്ങളിൽ കഴിഞ്ഞമാസം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയുമുണ്ടായി.
കുറ്റമറ്റ രീതിയിലുള്ള നിർമാണവും കിലോമീറ്ററുകൾ നീളത്തിൽ രൂപപ്പെടുന്ന ഗതാഗതസ്തംഭനത്തിനും പരിഹാരം കാണാൻ എൻഎച്ച്എഐ അധികൃതരടക്കമുള്ള ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർത്തിട്ടും തൽസ്ഥിതി തുടരുന്ന സാഹചര്യത്തിൽ ടോൾപിരിവ് താൽക്കാലികമായി നിർത്തിവച്ച് കളക്ടർ ഉത്തരവിറക്കി ചൂടാറുംമുമ്പെ മരവിപ്പിച്ചതിനും നാട് സാക്ഷിയായി.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്ന എന്ന എൻഎച്ച്എഐ യുടെ വിശദീകരണത്തിലായിരുന്നു ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരാഴ്ച സമയം അനുവദിച്ചിട്ടും യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടർന്ന് ടോൾപിരിവ് നിർത്തിവയ്ക്കുവാൻ കളക്ടർ ഉത്തരവിറക്കി. ഉത്തരവിന് ഒരു ദിവസം പോലും ആയുസ് ഉണ്ടായില്ലെന്ന് മാത്രമല്ല 28ന് ഇറക്കിയ ഉത്തരവ് 29ന് റദ്ദാക്കുകയായിരുന്നു.
എൻഎച്ച്എഐ രേഖാമൂലം നൽകിയ ഉറപ്പിന്റെയും സർക്കാർ നിർദേശത്തിൻന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം.
സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ, കരാർ മാനദണ്ഡങ്ങൾ പാലിക്കാതെ, ഗുണനിലവാരമില്ലാതെ കൊരട്ടി മേഖലയിൽ നിർമാണം നടത്തുന്ന കരാർ കമ്പനിയോട് നാഷണൽ ഹൈവേ അഥോറിറ്റിയും ഉദ്യോഗസ്ഥ വൃന്ദവും സർക്കാർ സംവിധാനവും ഒറ്റക്കെട്ടായി അനുഭാവപൂർവമായ നിലപാടു സ്വീകരിക്കുന്നുവെന്ന ആക്ഷേപമാണ് ജനങ്ങൾ ഉന്നയിക്കുന്നത്. ജനപ്രതിനിധികളിൽ ഭൂരിഭാഗവും രാഷട്രീയ കക്ഷികളും പുലർത്തുന്ന അർത്ഥഗർഭമായ മൗനവും പൊതുസമൂഹത്തെ നിരാശയിലാക്കുകയാണ്. സർക്കാർ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തി ജില്ലാ കളക്ടറുടെ ഉത്തരവ് പോലും അട്ടിമറിക്കാൻ കഴിവുള്ളവരാണോ കരാർ കമ്പനിയും നാഷണൽ ഹൈവേ അഥോറിറ്റിയും എന്ന ചിന്തയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
രാപകൽ ഭേദമില്ലാതെയാണ് അഞ്ചര കിലോമീറ്ററിനുള്ളിൽ നിർമിക്കുന്ന മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര സിഗ്നൽ ജംഗ്ഷനുകളിലെ മൂന്നു അടിപ്പാതകളിൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക്. അടിപ്പാത നിർമാണം ആരംഭിക്കുന്നതിനു മുമ്പ് പ്രധാനപാതയ്ക്ക് ഇരുഭാഗത്തും സർവീസ് റോഡുകൾ പൂർണമായി നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ എൻഎച്ച്എഐ നിരാകരിച്ചതാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമാകാൻ കാരണമായത്.
നിർമാണ പ്രവൃത്തികൾക്കിടെ ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
നിലവിൽ ഒച്ചിഴയുന്ന വേഗതയാണ് ചിറങ്ങരയിലെ നിർമാണം നടക്കുന്നത്. ആവശ്യത്തിനനുസരിച്ച് തൊഴിലാളികളില്ലാത്തതാണ് കാരണം. സമയബന്ധിതമായി നിർമാണം പൂർത്തിയാകാനുള്ള സാധ്യതയും വിരളമാണ്.
നിലവിൽ പുരോഗമിക്കുന്ന ദേശീയപാതാ വികസനത്തിൽ ജനപ്രതിനിധികളാേടും ഉദ്യാേഗസ്ഥ വൃന്ദത്തിനോടും രാഷ്ട്രീയ പാർട്ടികളോടും സർക്കാർ സംവിധാനങ്ങളോടും പൊതുസമൂഹത്തിന് അവമതിപ്പ് ഉണ്ട് എന്നതാണ് യാഥാർഥ്യം.