കേന്ദ്രമന്ത്രിയുടെ ഫണ്ടുപയോഗിച്ചുള്ള നിര്‍മാണം അറിഞ്ഞില്ലെന്ന് ഭരണകക്ഷി
1593923
Tuesday, September 23, 2025 1:45 AM IST
ഇരിങ്ങാലക്കുട: ജനറല്‍ആശുപത്രിക്ക് ഒരുകോടി രൂപ അനുവദിച്ചെന്നും മറ്റൊരു പദ്ധതിക്ക് 50 ലക്ഷം അനുവദിക്കാന്‍ ഉദ്ദേശിച്ചെങ്കിലും നഗരസഭ ചെയര്‍പേഴ്സണ്‍ താല്പര്യംകാണിച്ചില്ലെന്നുമുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സദസിലെ വെളിപ്പെടുത്തലുകള്‍ നഗരസഭ യോഗത്തില്‍ ചര്‍ച്ചാവിഷയമായി.
ബിജെപി കൗണ്‍സിലര്‍ ടി.കെ. ഷാജുട്ടനാണ് വിഷയം ശ്രദ്ധയില്‍കൊണ്ടുവന്നത്. ജനറല്‍ ആശുപത്രിയില്‍ കേന്ദ്രമന്ത്രി അനുവദിച്ച ഒരുകോടിരൂപകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് മനസിലാക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ മറുപടിനല്കി. ഫണ്ട് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ കൗണ്‍സില്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും കെട്ടിട നമ്പര്കൊടുക്കേണ്ടത് നഗരസഭയാണെന്നും നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്പാലിച്ചിട്ടില്ലെന്നും ഭരണകക്ഷി അംഗം ടി.വി. ചാര്‍ലി പറഞ്ഞു. ഇക്കാര്യത്തില്‍ സൂപ്രണ്ടില്‍നിന്ന് വിശദീകരണം ആവശ്യപ്പെടണമെന്ന് ഭരണകക്ഷി അംഗവും ആശുപത്രി സ്ഥിതിചെയ്യുന്ന വാര്‍ഡിലെ കൗണ്‍സിലറുമായ പി.ടി. ജോര്‍ജും ആവശ്യപ്പെട്ടു.
അതേസമയം വാതില്‍മാടം കോളനിക്കായി 50 ലക്ഷം അനുവദിക്കുന്ന വിഷയം താന്അറിഞ്ഞിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച അപേക്ഷ കെ സ്മാര്ട്ടില് നല്‍കിയിട്ടുണ്ടെന്ന് ടി.കെ. ഷാജു പറഞ്ഞു.
വാതില്‍മാടം കോളനിവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ പറഞ്ഞു. നഗരസഭയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാനുള്ള കരാറുകാരുടെ വിമുഖത യോഗത്തില്വീണ്ടും ചര്‍ച്ചാവിഷയമായി. നഗരസഭയുടെ പദ്ധതി നിര്‍വഹണത്തില്‍ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്കാണിച്ച അലംഭാവത്തെ തുടര്‍ന്ന് മറ്റു നഗരസഭകളുടെ പിന്നിലാണെന്ന് എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാര്‍, എംഎല്‍എ ഫണ്ടുകള്‍ ചെലവഴിക്കുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്നതായി ആരോപിച്ചു.
ഈ സാമ്പത്തികവര്‍ഷം പാതി പിന്നിടുമ്പോള്‍ മാസം എട്ടുശതമാനം മാത്രമാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിച്ചതെന്നു ബിജെപി അംഗം ടി.കെ. ഷാജു പറഞ്ഞു. എന്‍ജിനീയറിംഗ്, ഹെല്‍ത്ത് വിഭാഗത്തിലാണ് കുറവ് ബില്ലുകള്‍ പാസാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ 53 ലക്ഷം രൂപയുടെ ബില്‍ ഇതുവരെയും നല്‍കിയിട്ടില്ല. തന്റെ വാര്‍ഡില്‍ സാംസ്കാരികനിലയം നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്നു 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് എന്‍ജിനീയറിംഗ് വിഭാഗം സ്ഥലത്ത് പരിശോധനനടത്തി 45 ദിവസം പിന്നിട്ടിട്ടും എസ്റ്റിമേറ്റ് തയാറാക്കിയിട്ടില്ല. കഴിഞ്ഞദിവസം ഇത് ചോദ്യംചെയ്തപ്പോള്‍ 1000 സ്ക്വയര്‍ഫീറ്റില്‍ പണിയാന്‍ കഴിയില്ലെന്നാണ് ലഭിച്ച മറുപടി.
എന്തടിസ്ഥാനത്തിലാണെന്ന് ഈ മറുപടി നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ പറഞ്ഞു. നഗരസഭ ചെയര്‍പഴ്സൺ മേരിക്കുട്ടി ജോയ് യോഗത്തില്‍ അധ്യക്ഷതവഹിച്ചു.