കോർപറേഷൻ സ്റ്റേഡിയം: ഖേലോ ഇന്ത്യയുമായുള്ള കരാർ അട്ടിമറിച്ചു
1594781
Friday, September 26, 2025 1:53 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഫുട്ബോൾ ടർഫിനുവേണ്ടി കോർപറേഷൻ സ്റ്റേഡിയത്തിൽ ഖേലോ ഇന്ത്യ വാഗ്ദാനം ചെയ്ത സിന്തറ്റിക് ട്രാക്ക് ഇല്ലാതാക്കാനുള്ള തൃശൂർ കോർപറേഷന്റെ നീക്കത്തിനെതിരേ പ്രതിഷേധം. ജില്ലാ അത്ലറ്റിക്സ് അസോസിയേഷനു പിന്നാലെ അത്ലറ്റിക്സ് വെൽഫെയർ അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തി. മുൻകാല അത്ലറ്റുകളുടെയും കോച്ചുമാരുടെയും സംഘടനയാണ് അത്ലറ്റിക്സ് വെൽഫെയർ അസോസിയേഷൻ.
2015ലെ ദേശീയ ഗെയിംസ് വനിതാ ഫുട്ബോൾ മത്സരങ്ങൾക്കു ടർഫ് നിർമിക്കാൻ സ്റ്റേഡിയം പുനർനിർമിച്ചതുമുതൽ ജില്ലയിൽ അത്ലറ്റിക്സ് തഴയപ്പെട്ടെന്നു ഭാരവാഹികൾ ആരോപിച്ചു. എട്ടുവരി ട്രാക്കിനു പകരം ആറുവരിയാക്കി. ജംപിംഗ് പിറ്റ്, ത്രോയിംഗ് സെക്ടർ എന്നിവയില്ലാതായി.
കേരള സൂപ്പർ ലീഗിനായി അഞ്ചുവർഷത്തേക്കാണ് സ്വകാര്യ ക്ലബ്ബിനു സ്റ്റേഡിയം കൈമാറുന്നത്. ഫുട്ബോൾകളത്തിനായി 106 മീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലും കൃത്രിമ പുൽമൈതാനം ഒരുക്കുന്നതോടെ ലോകനിലവാരത്തിലുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാനുള്ള സ്ഥലം നഷ്ടമാകും.
കഴിഞ്ഞവർഷം ഖേലോ ഇന്ത്യ പദ്ധതിയിലൂടെ കോർപറേഷൻ സ്റ്റേഡിയത്തിൽ 400 മീറ്റർ ട്രാക്ക് നിർമിക്കാനുള്ള അനുമതി ലഭിച്ചതാണ്. കോർപറേഷനും ഖേലോ ഇന്ത്യയുമായി കരാറും ഒപ്പിട്ടു. നടപടികൾ പുരോഗമിക്കുന്പോഴാണ് പുതിയ നടപടി.
നീളം 100 മീറ്ററും വീതി 64 മീറ്ററുമായി ടർഫ് ഒരുക്കിയാൽ ഫുട്ബോൾ ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കും ഒരുപോലെ രൂപകല്പന ചെയ്യാം. ഫുട്ബോൾ കളത്തിനുചുറ്റും നിർമിച്ച വേലി പൊളിച്ച് ട്രാക്കിനു പുറത്തു സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഖേലോ ഇന്ത്യയുടെ അന്തിമ ടെക്നിക്കൽ അംഗീകാരം, സൈറ്റ് മാർക്കിംഗ്, അലൈൻമെന്റ് റിപ്പോർട്ട് എന്നിവ പൂർത്തിയാകുന്നതുവരെ ടർഫ് വിപുലീകരണത്തിനും അതിരുകളിലെ നിർമാണങ്ങൾക്കും താത്കാലിക വിലക്കേർപ്പെടുത്തണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിക്കാൻ നീക്കമുണ്ടെങ്കിലും ആവശ്യമായ രേഖകൾ നൽകാൻ അധികൃതർ വിസമ്മതിച്ചെന്ന് അത്ലറ്റുകളായ പി.എച്ച്. അബ്ദുള്ള, റീന റെജി, കോച്ചുമാരായ എൻ.ജെ. വിജോയ്, ടി.എ. അജിത് എന്നിവർ പറഞ്ഞു.
തലേന്നുവരെ സിന്തറ്റിക് ട്രാക്ക് ഉണ്ടാകുമെന്ന് ഉറപ്പുനൽകിയ മേയർ, പിറ്റേദിവസം സ്വകാര്യ ക്ലബ്ബുമായി ധാരണയുണ്ടാക്കിയതു സംശയാസ്പദമാണ്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിന്റെ ബൈലോയിൽ രണ്ടുമാസത്തിൽ കൂടുതൽ സ്റ്റേഡിയം കൈമാറാൻ വ്യവസ്ഥയില്ല. ഇതു മറികടന്നാണ് അഞ്ചുവർഷത്തേക്കു സ്വകാര്യ ക്ലബ്ബുമായി കരാറുണ്ടാക്കിയത്. ഇക്കാര്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച രാവിലെ പത്തിന് അത്ലറ്റുകളും പരിശീലകരും ഉൾപ്പെടെ സ്റ്റേഡിയത്തിനു മുന്നിൽനിന്നു കോർപറേഷൻ ഓഫീസിലേക്കു പ്രകടനം നടത്തും.
അത്ലറ്റിക്സിൽ കിതച്ച് തൃശൂർ
തൃശൂർ: മറ്റു ജില്ലകളിൽ രണ്ടും മൂന്നും സിന്തറ്റിക് ട്രാക്കുകളുള്ളപ്പോൾ തൃശൂരിൽ കുന്നംകുളത്തു മാത്രമാണ് ട്രാക്കുള്ളത്. അത്ലറ്റിക് പരിശീലനത്തിന് സിന്തറ്റിക്ക് ട്രാക്ക് അത്യാവശ്യമാണ്. നിലവിൽ നഗരത്തിൽ പരിശീലനത്തിനു സൗകര്യമില്ല.
കുന്നംകുളം സ്പോർട്സ് ഡിവിഷന്റെ കീഴിലുള്ള വിദ്യാർഥികൾക്കാണ് കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ മുൻഗണന. രാവിലെ ഒന്പതിനും വൈകീട്ട് ആറിനും ശേഷമാണ് മറ്റുള്ളവർക്ക് അവസരം. തൃശൂരിൽനിന്നുള്ളവർ പരിശീലനത്തിനുപോയാൽ ക്ലാസ് നഷ്ടമാകും.
ഒരു മണിക്കൂർ പ്രാക്ടീസ് ചെയ്യണമെങ്കിൽ സ്കൂൾ, കോളജ് വിദ്യാർഥികളിൽനിന്ന് യഥാക്രമം 50, 100 രൂപവീതമാണ് ഫീസ് വാങ്ങുന്നത്. രണ്ടു മണിക്കൂർ പരിശീലനം വേണ്ടിവരും. നിലവിൽ 40 കിലോമീറ്റർ അകലെ ചാത്തന്നൂരിലെ സ്കൂൾഗ്രൗണ്ടിലാണു പരിശീലനം.
ലാലൂരിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കുന്പോൾ സിന്തറ്റിക് ട്രാക്കുണ്ടാകുമെന്ന് അന്നത്തെ മന്ത്രിയും നിലവിൽ കുന്നംകുളം എംഎൽഎയുമായ എ.സി. മൊയ്തീൻ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളത്തേക്കു സിന്തറ്റിക് ട്രാക്ക് കൊണ്ടുപോയതെന്നും ചൂണ്ടിക്കാട്ടുന്നു.