തയ്യൂരിൽ തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു
1594541
Thursday, September 25, 2025 1:59 AM IST
വേലൂർ: തയ്യൂർ പൂക്കുന്നത്ത് അൻസാറിന്റെ വീട്ടിൽ വളർത്തുന്ന 35 കോഴികളെയാണുതെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ചൊ വ്വാഴ്ച വൈകീട്ട് ആണ് സംഭവം. അൻസാറും കുടുംബവും പുറത്തുപോയിരുന്ന സമയത്താണ് തെരുവുനായ്ക്കൾ കോഴികളെ ആക്രമിച്ചത്. 70 നാടൻ കോഴികളെ അൻസാർ ഷെഡിനുള്ളിൽ കൂടുകെട്ടി വളർത്തുന്നുണ്ട്. അതിൽ 35 കോഴികൾ തെരുവുനായ് ആക്രമണത്തെ തുടർന്ന് ചത്തു. അഞ്ചുനായ്ക്കൾ ചേർന്നാണ് കോഴികളെ കടിച്ചുകൊന്നത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണം അതിരൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.
സ്കൂളുകളിൽ പോകുന്ന വിദ്യാർഥികളുടെ നേരെ കുരച്ചുചാടിയും ബൈക്കിനു കുറുകെച്ചാടി അപകടങ്ങൾ ഉണ്ടാക്കിയും തെരുവുനായ്ക്കൾ വൻ ഭീഷണി ആയിരിക്കുകയാണ്. പേ വിഷബാധയ്ക്കും വന്ധ്യംകരണത്തിനും ഉള്ള വാക്സിൻ നൽകാൻ മാത്രമേ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ചെയ്യുവാൻ സാധിക്കുക യുള്ളൂ എന്ന് പഞ്ചായത്ത് അധികാരികൾ പറഞ്ഞു. വേലൂർ പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കളെ പാർപ്പിക്കാൻ ആരെങ്കിലും സ്ഥലം വിട്ടുകൊടുക്കാൻ തയാറാണെങ്കിൽ ഏറ്റെടുക്കേണ്ട കാര്യം ആലോചിക്കാമെന്ന് വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി പറഞ്ഞു.