പേട്ടക്കാശ് വർധന: വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധിച്ചു
1594765
Friday, September 26, 2025 1:53 AM IST
തൃശൂർ: പേട്ടക്കാശ് വർധനയ്ക്കെതിരേ അരിയങ്ങാടി, നായരങ്ങാടി മേഖലകളിൽ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിച്ചു. വണ്ടിപ്പേട്ടയല്ലാത്ത അരിയങ്ങാടി, നായരങ്ങാടി മേഖലകളിൽ ചരക്കുവാഹനങ്ങൾ വരുന്പോൾ അമിതമായ ഫീസ് ഈടാക്കുന്നതു ചരക്കുവാഹനങ്ങളുടെ വരവു കുറച്ചെന്നും വ്യാപാരം നടക്കാത്ത സാഹചര്യമാണെന്നും മറ്റു മാർക്കറ്റുകളിൽ ഇത്തരം പിരിവില്ലെന്നും കച്ചവടക്കാർ പറഞ്ഞു.
മുൻകാലങ്ങളിൽ 50 മുതൽ നൂറുരൂപവരെ വാങ്ങിയ സ്ഥാനത്ത് 650 രൂപവരെയാണ് ഈടാക്കുന്നത്. മറ്റു പല മാർക്കറ്റുകളിലേക്കുമായി എത്തുന്ന വാഹനങ്ങൾ അരിയങ്ങാടിയിൽ അഞ്ചു ചാക്ക് ഇറക്കിയാലും ഈ തുക നൽകണം. നിരവധിതവണ കോർപറേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് കടയടപ്പുസമരമെന്നും വ്യാപാരികൾ പറഞ്ഞു.
പ്രശ്നത്തിനു പരിഹാരമുണ്ടായില്ലെങ്കിൽ കോർപറേഷൻ പരിധിയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലേക്കും സമരം വ്യാപിപ്പിക്കാൻ വ്യാപാരികളുടെയും ചരക്കുവാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും സംയുക്തയോഗം തീരുമാനിച്ചു.
കടയടപ്പ് സമരത്തിനോടനുബന്ധിച്ച് അരിയങ്ങാടിയിൽ പൊതുസമ്മേളനവും കോർപറേഷൻ ഓഫീസിലേക്കു മാർച്ചും നടത്തി. പൊതുസമ്മേളനം വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും തൃശൂർ നിയോജകമണ്ഡലം ചെയർമാനുമായ ജോഷി മാത്യു തേറാട്ടിൽ ഉദ്ഘാടനം ചെയ്തു.
ചേംബർ ഓഫ് കൊമേഴ്സ് മുൻസെക്രട്ടറി ആൻഡ്രൂസ് മഞ്ഞില, സമിതി ജില്ലാ സെക്രട്ടറിയും ചേംബർ ജോയിന്റ് സെക്രട്ടറിയുമായ സിജോ ചിറക്കേക്കാരൻ, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ്, വ്യാപാരി സമിതി ജില്ലാ ട്രഷറർ ജോയ് പ്ലാശേരി, ജില്ലാ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സൈമണ്‍, ചേംബർ ഗ്രോസറി വിഭാഗം കണ്‍വീനർ ആൽഫ്രഡ് എൻ. ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
തുടർന്നു കോർപഷേൻ ഓഫീസിലേക്കു പ്രകടനമായി എത്തി മേയർ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കു നിവേദനം നൽകി.