പനിയുണ്ടെങ്കിൽ, സ്വയം ചികിത്സിക്കല്ലേ..
1594782
Friday, September 26, 2025 1:53 AM IST
അമീബിക് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളിലൊന്ന് പനിയാണ്
തൃശൂർ: പനിയുള്ളവർ എത്രയുംവേഗം ഡോക്ടറെ കണ്ട് ചികിത്സ തേടുക. പനിയുണ്ടെങ്കിൽ, അല്ലെങ്കിൽ പനിലക്ഷണമുണ്ടെങ്കിൽ സ്വയംചികിത്സയ്ക്കു നിൽക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ടുചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
പനി, തലവേദന, ഓക്കാനം, ഛർദി, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന എന്നിവയാണ് അമീബിക് മസ്തിഷ്കജ്വരത്തിന്റെ പ്രാഥമികലക്ഷണങ്ങൾ. അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധമില്ലാതെ സംസാരിക്കുക എന്നിവ ഗുരുതരലക്ഷണങ്ങളും. തുടക്കത്തിൽതന്നെ വിദഗ്ധചികിത്സ തേടുകയാണ് പ്രധാനമെന്നു ഡോക്ടർമാർ പറയുന്നു. കുളത്തിലോ മറ്റു ജലാശയങ്ങളിലോ അടുത്ത കാലത്തു കുളിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിരോധപ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ജില്ലയിൽ മാസ് ക്ലോറിനേഷൻ കാന്പയിൻ നടത്തും. എല്ലാ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യുന്നതു തുടരും. ഇതിനായി മുഴുവൻ വീടുകളിലേക്കും ആവശ്യമായ ബ്ലീച്ചിംഗ് പൗഡറും ബോധവത്കരണ ലഘുലേഖകളും വിതരണംചെയ്യും.
ഫ്ലാറ്റ് ഉടമകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ജലസ്രോതസുകളും കിണറുകളും വാട്ടർ ടാങ്കുകളും അണുവിമുക്തമാക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.
പൂജാ അവധിയും മറ്റും വരുന്നതിനാൽ ധാരാളംപേർ വിനോദസഞ്ചാരത്തിനായി വാട്ടർ തീം പാർക്കുകളിലെത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പാർക്കുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതു കൃത്യമായാണോയെന്ന് ആരോഗ്യവകുപ്പും മലിനീകരണനിയന്ത്രണ ബോർഡും പരിശോധിക്കും.
സ്കൂളുകളിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണങ്ങളെക്കുറിച്ചും പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും ക്ലാസുകൾ നൽകും. ജലപരിശോധനാലാബുകളുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ ലാബുകളിൽ വിദ്യാർഥികൾക്കു വീടുകളിൽനിന്നു വെള്ളം കൊണ്ടുവന്നു പരിശോധിക്കാനുള്ള സൗകര്യം ഒരുക്കും.
സ്വിമ്മിംഗ് പൂളുകളും പൊതുകിണറുകളും തുടർച്ചയായി ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്നു തദ്ദേശസ്വയംഭരണവകുപ്പും, ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും ഉറപ്പാക്കും.
പ്രധാന നിർദേശങ്ങൾ
- നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ
ചാടുന്നതും മുങ്ങുന്നതും ഒഴിവാക്കുക
- ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തേണ്ടിവന്നാൽ
തല വെള്ളത്തിനുമുകളിൽ സൂക്ഷിക്കുക.
- നീന്തുകയോ മുങ്ങേണ്ടിവരികയോ ചെയ്യുന്പോൾ
നോസ് പ്ലഗ് ഉപയോഗിക്കുക. അല്ലെങ്കിൽ മൂക്ക് വിരലുകൾ
ഉപയോഗിച്ച് അടച്ചുപിടിക്കുക.
- ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ
ഏർപ്പെടുന്പോൾ അടിത്തട്ട് കുഴിക്കുന്നത് ഒഴിവാക്കുക,
ചെളി കലക്കുന്നതും ഒഴിവാക്കുക.
- നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ
എന്നിവ വൃത്തിയായി ക്ലോറിനേഷൻനടത്തി പരിപാലിക്കുക.
- സ്പ്രിങ്ക്ളറുകൾ, ഹോസുകൾ എന്നിവയിൽനിന്നു വെള്ളം
മൂക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
- തിളപ്പിച്ച് ശുദ്ധിവരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടെയോ മുതിർന്നവരുടെയോ മൂക്കിൽ ഒഴിക്കരുത്.
- ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച്
കുളിക്കുന്പോഴോ മുഖം കഴുകുന്പോഴോ വെള്ളം
മൂക്കിനുള്ളിൽ പോകാതെ സൂക്ഷിക്കുക.
- ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കുക.
- പൊതുജലാശയങ്ങളിലേക്കു മാലിന്യം ഒഴുക്കരുത്.
- ജലസംഭരണികളും വലിയ ടാങ്കുകളും മൂന്നുമാസം
കൂടുന്പോൾ നല്ലതുപോലെ കഴുകിവൃത്തിയാക്കുക.