ഓട്ടോറിക്ഷ ഡ്രൈവർമാർ സമരത്തിന്
1594767
Friday, September 26, 2025 1:53 AM IST
ഗുരുവായൂർ: പോലീസ് ഏർപ്പെടുത്തിയ വൺവേ ട്രാഫിക് പരിഷ്കരണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ അനിശ്ചിതകാലസമരത്തിനൊരുങ്ങുന്നു. നാളെ അർധരാത്രി മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായാണ് ഇന്നർ, ഔട്ടർ റിംഗ് റോഡുകളിൽ പോലീസ് വൺവേ സംവിധാനം കർശനമാക്കിയത്. നേരത്തെ ക്ഷേത്രത്തിൽ തിരക്കുള്ള ദിവസങ്ങളിൽ മാത്രമായിരുന്നു വൺവേ. എന്നാൽ ഓട്ടോറിക്ഷകളെയും ഇരുചക്രവാഹനങ്ങളെയും ഒഴിവാക്കിയിരുന്നു. എന്നിട്ടും ഗതാഗതക്കുരുക്കിന് പരിഹാരം ആവാതായതോടെ ഓട്ടോറിക്ഷകൾക്കുംകൂടി വൺവേ ബാധകമാക്കുകയായിരുന്നു.
അഷ്ടമിരോഹിണിയടക്കമുള്ള തിരക്കുള്ള ദിവസങ്ങളിൽ ഈ പരീക്ഷണം വിജയകരമായതോടെയാണ് ദിവസവും ഈ രീതി തുടരാൻ തീരുമാനിച്ചത്. ഔട്ടർറിംഗ് റോഡിൽ വൺവേ ഒഴിവാക്കണമെന്നാണ് ഓട്ടോക്കാരുടെ ആവശ്യം. വൺവേ പ്രകാരം ചുറ്റിവരുമ്പോൾ ചാർജ് കൂടുതൽ ഈടാക്കുമ്പോൾ യാത്രക്കാരുമായി തർക്കിക്കേണ്ടി വരുന്നതായി ഡ്രൈവർമാർ പറയുന്നു.സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി സംഘടനകൾ സംയുക്തമായാണ് സമരത്തിന് ഇറങ്ങുന്നത്.