മാർ തൂങ്കുഴിക്ക് ആദരാഞ്ജലി: നന്ദിയറിയിച്ച് മാർ ആൻഡ്രൂസ് താഴത്ത്
1594553
Thursday, September 25, 2025 1:59 AM IST
തൃശൂർ: ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് ആദരാഞ്ജലിയർപ്പിച്ചവർക്ക് നന്ദിയറിയിച്ച് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. മെത്രാന്മാരും വൈദികരും സന്യസ്തരും വിവിധ മതനേതാക്കളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളുമടക്കം പതിനായിരങ്ങളാണ് തൃശൂരും കോഴിക്കോട്ടുമായി എത്തിച്ചേർന്നത്. പിതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചു ലെയോ മാർപാപ്പ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കം കേന്ദ്ര- സംസ്ഥാന മന്ത്രിമാർക്കും സാംസ്കാരികനേതാക്കൾക്കും നന്ദി.
തൃശൂർ ആർച്ച്ബിഷപ്സ് ഹൗസിലും ഡോളേഴ്സ് ബസിലിക്കയിലും (പുത്തൻപള്ളി) നടന്ന ചടങ്ങുകളും പൂരനഗരി ചുറ്റിയുള്ള വിലാപയാത്രയ്ക്കും മൃതദേഹം വഹിച്ചു കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കും ദേവഗിരി പള്ളി എസ്കെഡി ജനറലേറ്റ് ഹോം ഓഫ് ലവ് ചാപ്പലിലും നടത്തിയ ചടങ്ങുകൾക്കു മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ, കമ്മീഷണർ, എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ നിരവധിപ്പേർ സഹായിച്ചു.
52 വർഷം മെത്രാനായിരുന്ന തുങ്കുഴിപ്പിതാവ് മാനന്തവാടി രൂപതയിൽ 22 വർഷവും താമരശേരി രൂപതയിൽ രണ്ടുവർഷവും തൃശൂർ അതിരൂപതയിൽ പത്തുവർഷവും മേൽപ്പട്ടശുശ്രൂഷ ചെയ്തു. 2007ൽ തൃശൂർ സെന്റ് മേരീസ് മൈർ സെമിനാരിയിൽ വിശ്രമജീവിതം ആരംഭിച്ച അദ്ദേഹം തുടർന്നും ആത്മീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ കർമനിരതനായിരുന്നു. 1977ൽ മാനന്തവാടിയിൽ അദ്ദേഹം രൂപംകൊടുത്ത ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ സേവനം നിസ്തുലമാണ്.
ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നേഴ്സുമാർ എന്നിവരുടെ സേവനം വിലമതിക്കാനാകാത്തതാണ്. പിതാവ് ആരംഭിച്ച മേരിമാതാ മേജർ സെമിനാരിയും ജ്യോതി എന്ജിനീയറിംഗ് കോളജും മഹാജൂബിലി ബിഎഡ് ട്രെയിനിംഗ് കോളജും ജൂബിലി നഴ്സിംഗ് കോളജും അദ്ദേഹത്തിന്റെ ഓർമ നിലനിർത്തുന്ന സ്ഥാപനങ്ങളാണ്.
ഒരു നൂറ്റാണ്ടുകാലത്തോളം ഈ ഭൂമിയിൽ ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും ജനങ്ങളെ സേവിച്ചും ഭാവിതലമുറയ്ക്ക് മാതൃക നൽകിയും കടന്നുപോയ ജേക്കബ് തൂങ്കുഴിപ്പിതാവിനു നിത്യശാന്തി നേരുന്നതോടൊപ്പം തൃശൂർ അതിരൂപത ആദരാഞ്ജലികൾ അർപ്പിക്കുന്നെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.