അഥീന മറിയം ജോൺസണു വരവേല്പ്
1594546
Thursday, September 25, 2025 1:59 AM IST
കൊരട്ടി: മലേഷ്യയിൽ നടന്ന ഏഷ്യാ കപ്പ് അണ്ടർ - 16 വനിതാ ബാസ്കറ്റ്ബോൾ ബി - ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിനുവേണ്ടി കളിച്ച കൊരട്ടി എൽഎഫ് കോൺവന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി അഥീന മറിയം ജോൺസണ് പ്രൗഢോജ്വലമായ സ്വീകരണം.
സ്കൂൾ അധികൃതരും പിടിഎയും വിദ്യാർഥികളും നാട്ടുകാരുംചേർന്ന് സ്കൂളിൽ അനുമോദയോഗം സംഘടിപ്പിച്ചു. കൊരട്ടി ജംഗ്ഷനിൽനിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ എതിരേറ്റു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ചാലക്കുടി എഇഒ പി.ബി. നിഷ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ ജെയ്നി ജോഷി, ബാസ്കറ്റ്ബോൾ അസോസിയേഷൻ ഭാരവാഹികളായ പി.ജെ. ആന്റണി, പി.ജെ. സണ്ണി, സിസ്റ്റർ ട്രീസ വടക്കുഞ്ചേരി, പ്രധാനാധ്യാപിക സിസ്റ്റർ എൽസ ജോസ എന്നിവർ പ്രസംഗിച്ചു. കായികാധ്യാപകൻ വിന്നി ബെസ്റ്റിന്റെ ശിക്ഷണത്തിൽ പരിശീലനംനേടിയ അഥീന ഇന്ത്യൻ ടീമിൽ കേരളത്തിൽനിന്നു പങ്കെടുത്ത ഏക താരമാണ്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെയും കേരള സ്പോർട്സ് കൗൺസിലിലെയും ബാസ്കറ്റ്ബോൾ പരിശീലകനായ ജോൺസൺ തോമസിന്റെയും തൃശൂർ സെന്റ് മേരീസ് കോളജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി അനു ഡി. ആലപ്പാട്ടിന്റെയും മകളാണ് അഥീന.