മുരിങ്ങൂരിൽ ഡ്രെയിനേജ് സ്ലാബുകൾ തകരുന്നു; സൂത്രപ്പണികൾ പാളുന്നു
1594773
Friday, September 26, 2025 1:53 AM IST
മുരിങ്ങൂർ: അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂർ ജംഗ്ഷനിലെ ഡ്രെയിനേജ് സ്ലാബുകൾ തകരുന്നു. ഭാരവണ്ടികൾ അടക്കമുള്ളവ സ്ലാബിനു മുകളിലൂടെ കയറിയിറങ്ങിയാണ് സ്ലാബുകൾ തകരുന്നത്.
പലയിടങ്ങളിലും സ്ലാബുകൾക്ക് വിള്ളലുകളുണ്ട്. ചിലയിടങ്ങളിൽ നിരതെറ്റി കയറിയിറങ്ങിയാണ് സ്ലാബുകൾ. ഡ്രെയിനേജടക്കം 6.25 മീറ്റർ വീതിയാണ് സർവീസ് റോഡുകൾക്കുള്ളത്. സ്ലാബുകൾക്ക് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങിയാലും അതിനെ അതിജീവിക്കാനുള്ള ശേഷി സ്ലാബുകൾക്കുണ്ടെന്നും അതിനനുസൃതമായ നിർമാണമാണ് അവലംബിച്ചിരിക്കുന്നതെന്നുമാണ് കരാർ കമ്പനിയുടേയും എൻഎച്ച്എഐയുടേയും അവകാശവാദം. എന്നാൽ മുരിങ്ങൂരിലും ചിറങ്ങരയിലും നിരവധി സ്ലാബുകളാണ് നിർമാണത്തിന്റെ അപാകത മൂലം തകർന്നിരിക്കുന്നത്.
സമാന്തര പാതകൾ കുറ്റമറ്റ രീതിയിൽ നിർമിച്ച് മാത്രം വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നെങ്കിൽ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ പരിഹരിക്കാനായേനെ. നിലവിൽ ഗതാഗതസ്തംഭനത്തിന് പരിഹാരം കാണാൻ നിർമാണകമ്പനി ഓരോ കുരുക്കുകൾ അഴിക്കുന്തോറും മറുഭാഗത്ത് മറ്റു രീതിയിൽ ഓരോ കുരക്കുകൾ മുറുകുകയാണ്.