എൽഡിഎഫിന്റെ മൂന്നാം ടേം തടയാൻ യുഡിഎഫ് മഴവിൽസഖ്യം രൂപപ്പെടുത്തുന്നു: എം.വി. ഗോവിന്ദൻ
1594392
Wednesday, September 24, 2025 7:42 AM IST
തൃശൂർ: എൽഡിഎഫിന്റെ തുടർഭരണം മൂന്നാംടേമിലെത്തുന്നതു തടയാൻ യുഡിഎഫ് മഴവിൽസഖ്യം രൂപപ്പെടുത്തുകയാണെന്നു സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അഴീക്കോടൻ ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്തും വിളിച്ചുപറയാനും പ്രചരിപ്പിക്കാനും മടിയില്ലാത്തതരത്തിൽ ജീർണതയുടെ മുഖമായി കോൺഗ്രസ് മാറി. കേരളത്തിന്റെ ജീവിതനിലവാരം ഉയർത്തുന്ന നയങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിനെ എതിർക്കുന്ന യുഡിഎഫിന്റെ നയമെന്താണ്. എന്തുവിശ്വസിച്ചാണു ജനം അവർക്ക് വോട്ടുനൽകുക.
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുംപോലുള്ള ന്യൂനപക്ഷ തീവ്രവാദശക്തികളിലാണു യുഡിഎഫിന്റെ പ്രതീക്ഷ. എല്ലാ വലതുപക്ഷ പിന്തിരിപ്പൻശക്തികളുടെയും കണ്ണിലെ കരട് സിപിഎമ്മാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരേ ഇത്ര സംഘടിതമായി പ്രചാരണം നടത്തുന്ന മാധ്യമശൃംഖല കേരളത്തിലേതുപോലെ ലോകത്തു മറ്റൊരിടത്തും കാണില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ബിഷപ്സ് ഹൗസിലെത്തി അനുശോചനം രേഖപ്പെടുത്തി എം.വി. ഗോവിന്ദൻ
തൃശൂർ: ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ തൃശൂർ ബിഷപ്സ് ഹൗസിലെത്തി അനുശോചനം രേഖപെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൂങ്കുഴിയുടെ ഛായാചിത്രത്തിനു മുന്നിൽ അദ്ദേഹം പൂക്കൾ അർപ്പിച്ചു.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തുമായി എം.വി. ഗോവിന്ദൻ കൂടിക്കാഴ്ച നടത്തി. തൂങ്കുഴിപ്പിതാവിന്റെ സംസ്കാരശുശ്രൂഷകൾ നല്ലനിലയിൽ നടത്താൻ സർക്കാരിന്റെ പിന്തുണ ലഭിച്ചെന്നും അതിൽ നന്ദിയറിയിക്കുന്നെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. വിലാപയാത്രയും കോഴിക്കോട്ടെ ചടങ്ങുകളുമെല്ലാം ഉദ്ദേശിച്ചതുപോലെ കൃത്യമായി നടത്താനായി സർക്കാരിന്റെയും പോലീസിന്റെയും സഹായം ഉണ്ടായി. ഗാർഡ് ഓഫ് ഓണറടക്കം വലിയ ആദരം ലഭിച്ചെന്നും ആർച്ച്ബിഷപ് പറഞ്ഞു.