കാട്ടൂരിലെ കിണറുകളിലെ രാസമാലിന്യം: രണ്ടു കമ്പനികള്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
1594393
Wednesday, September 24, 2025 7:44 AM IST
കാട്ടൂര്‍: മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ ജലമലിനീകരണവിഷയത്തില് മണ്ണിന്റെ പരിശോധനാഫലം വരുന്നതുവരെ രണ്ടു കമ്പനികള്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കുമെന്നു മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. മന്ത്രി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തെത്തുടര്‍ന്നാണ് തീരുമാനം.
കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം പഞ്ചായത്തിനു കൈമാറിയ ജലപരിശോധനാഫലത്തില് ട്രീറ്റഡ് എ ഫ്ലുവെന്റില്‍ സിങ്ക് , കെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് എന്നീ ഘടകങ്ങള്‍ കൂടുതലായി കാണുന്നുണ്ട്. അതിന്റെ കൃത്യമായ സ്രോതസും കാരണവും ശാസ്ത്രീയമായി കണ്ടെത്താനാണ് ഫോറന്‍സിക് പരിശോധന നടത്താനും ഫലം വരുംവരെ ആരോപണവിധേയമായ രണ്ടു സ്ഥാപനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഈ രണ്ടു കമ്പനികള്‍ക്കു നോട്ടീസ് നല്‍കാനും പ്രശ്നപരിഹാരത്തിനു വ്യവസായവകുപ്പിനും സിഡ്കോയ്ക്കും കത്തുനല്കാനും മന്ത്രി ബിന്ദു ഗ്രാമപഞ്ചായത്തിനു നിര്‍ദേശം നല്കി. സ്ഥലം എംഎല്‍എ എന്ന നിലയില്‍ മന്ത്രിയും കത്തുനല്‍കും.
മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകള്‍ക്കനുസൃതമായി കൃത്യമായ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഈ കമ്പനികളില്‍ നടക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സംയോജിതപരിശോധന നടത്തും.
കോഴിക്കോട് ജലഗവേഷണ കേന്ദ്രം ഈ പ്രദേശത്തെ കിണറുകളില്‍നിന്നു ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാഫലങ്ങളില്‍ അമിതലോഹസാന്നിധ്യമോ മറ്റ് അപകടകരമായ രാസ സാന്നിധ്യമോ കുടിവെള്ളത്തിനു നിഷ്കര്‍ച്ചിട്ടുള്ള അനുവദനീയമായ പരിധി ലംഘിച്ചതായി കാണുന്നില്ല. എന്നാല്‍ കിണര്‍വെള്ളത്തില്‍ കാണുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കാണുന്നത് മറ്റു കാരണങ്ങള്കൊണ്ടാണെന്നുള്ളതിനാല് കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
പഞ്ചായത്ത് പ്രസിഡന്റ് ടി. വി. ലത, മാലിന്യസംസ്കരണത്തിന്റെ ചുമതലയുള്ള അഡീഷണല്‍ പഞ്ചായത്ത് ഡയറക്ടര്‍ ബിന്ദു പരമേശ്വരന്, പഞ്ചായത്ത് സെക്രട്ടറി വി. എ. ഉണ്ണികൃഷ്ണന്, തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. എ.ജി. ബിന്ദു, മലിനീകരണനിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മണ്ണിന്റെ പരിശോധനാഫലം അടുത്ത ദിവസം കൈമാറും. കിണറുകളില്‍ രാസമാലിന്യം കലര്‍ന്നതോടെ സമീപത്തെ മുന്നൂറോളം കടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.