യൂത്ത് കോൺഗ്രസിന്റെ നിരാഹാരസമരം
1594371
Wednesday, September 24, 2025 7:41 AM IST
വടക്കാഞ്ചേരി: ലോക്കപ്പ് മർദനത്ത ന്യായീകരിച്ച സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും കെഎസ്യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ചും കൈയാമംവച്ചും കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി എസ്എച്ച്ഒയെ അറസ്റ്റ് ചെയ്യണമെന്നും കുന്നംകുളം കസ്റ്റഡിമർദനക്കേസിലെ മുഴുവൻ പോലീസുകാരെയും സർവീസിൽനിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് ഏകദിന ഉപവാസം നടത്തി. വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് ഒ. ശ്രീകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഒന്പതുമുതൽ ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു ഏകദിന ഉപവാസം.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലർമാരായ എസ്എഎ ആസാദ്, ബുഷറ റഷിദ്, ടി.സി. ഗിരീഷ്, തെക്കുംകര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് ജയ്സൺ മാത്യു, നേതാക്കളായ എൻ.ആർ. രാധാകൃഷ്ണൻ, അനുമോദ്, ബിജു കൃഷ്ണൻ, ഷോബിൻ മുണ്ടൂര്, ജയൻ മംഗലം എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് ഐ.എ. സബീല, യൂത്ത് കോൺഗ്രസ് നേതാക്കളായ അശ്വൻ തമ്പി, മനീഷ് വടക്കാഞ്ചേരി, ജിസോ ലോനപ്പൻ, അരുൺ ആന്റോ, സോജൻ ആവണൂർ, ഷിബിൻ തോളൂർ, അനീഷ് വടക്കാഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.