തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്ക്
1594386
Wednesday, September 24, 2025 7:42 AM IST
ഇരിങ്ങാലക്കുട: നഗരസഭ മാര്‍ക്കറ്റില്‍ തെരുവുനായ ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. പച്ചക്കറി വില്‍പ്പന നടത്തുന്ന ചന്തപ്പുര ചാതേലി ഔസേപ്പ് (84), ഇയാളുടെ സഹായി മടത്തിക്കര തീതായി ലിജോ(46) എന്നിവർക്കും ഒരു ലോട്ടറി വില്‍പ്പനക്കാരനുമാണ് നായയുടെ കടിയേറ്റത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റില്‍ ലോട്ടറി വില്‍പ്പന നടത്തുന്നയാളുടെ കാലിനാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നീട് സമീപത്തുള്ള ചുമട്ടുതൊഴിലാളികളെ കടിക്കാന്‍ ശ്രമിച്ചെങ്കിലും നായയെ ഓടിച്ചു. പിന്നീടാണ് മാര്ക്കറ്റിനുള്ളില്പച്ചക്കറി വില്‍പ്പന നടത്തുന്ന ഔസേപ്പിനെ നായ കാലില്‍ കടിച്ചത്.
തടയാന്‍ ശ്രമിച്ച സഹായി ലിജോയുടെ കൈക്കാണ് കടിയേറ്റത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് നായയെ ചത്തനിലയില്കണ്ടെത്തിയതിനെതുടര്ന്ന് വ്യാപാരികള്‍ നഗരസഭയെ വിവരമറിയിച്ചു. തെരുവുനായയെ പോസ്റ്റ്മോര്‍ട്ടം നടത്തി പേവിഷബാധയുണ്ടോ എന്നു സ്ഥിരീകരിക്കാന്‍ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.
മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. നായ്ക്കളെകൊണ്ടു പൊറുതിമുട്ടിയ അവസ്ഥയിലാണ്.
ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന നായ്ക്കളെ പേടിച്ചുവേണം വഴിനടക്കാനും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കാനും. കുറച്ചുനാളുകളായി നഗരത്തിലെ ജനവാസമേഖലകളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നഗരമധ്യത്തില്‍ മാര്‍ക്കറ്റ് പരിസരം, ബസ് സ്റ്റാന്‍ഡ്, ബൈപാസ് റോഡ്, നഗരസഭ മൈതാനം എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. നായ്ക്കളുടെ കുര കാരണം രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണു മറ്റൊരു പരാതി.
പ്രഭാതസവാരിക്കും സായാഹ്നസവാരിക്കുമായി മുനിസിപ്പല്‍ മൈതാനത്തെത്തുന്നവര്ക്കു കൈയില്വടി കരുതേണ്ട അവസ്ഥയാണ്. രാവിലെ വിവിധ ജോലിക്കു പോകന്നവരും ചന്തയില്‍ പോകുന്ന ചെറുകിട കച്ചവടക്കാരും കാല്‍നടയാത്രക്കാരും വിവിധ ആരാധനാലയങ്ങളിലേക്കു പോകുന്ന വിശ്വാസികളും ഭീതിയോടെയാണു പുറത്തിറങ്ങുന്നത്.
ഇന്നു രാവിലെ ഏഴുമുതല്‍ ഇരിങ്ങാലക്കുട വെറ്ററിനറി ആശുപത്രിയുടെയും നഗരസഭയുടെയും നേതൃത്വത്തില്‍ മാര്‍ക്കറ്റ് പരിസരത്ത് നായകളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.