കുരഞ്ഞിയൂർ സർക്കാർ സ്കൂളിന് ഇനി സ്വന്തം കെട്ടിടം
1594370
Wednesday, September 24, 2025 7:41 AM IST
പുന്നയൂർക്കുളം: ഒരു നൂറ്റാണ്ടോളം പഴക്കമുള്ള വാടക കെട്ടിടത്തിൽ വളരെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന കുരഞ്ഞിയൂർ ഗവ. എൽപി സ്കൂളിന് സ്വന്തം കെട്ടിടം നിർമിക്കുന്നു.
ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് വേദിയായ സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. ഇട്ടേക്കോട്ട് പടിക്കപറമ്പിൽ രാധാകൃഷ്ണ പണിക്കരുടെ കുടുംബം സൗജന്യമായി നൽകിയ 30 സെന്റ് സ്ഥലത്താണു കെട്ടിടം നിർമിക്കുന്നത്. എംഎൽഎ ഫണ്ടിൽനിന്ന് ഒരു കോടിയും സംസ്ഥാനബജറ്റിൽനിന്ന് ഒരു കോടിയും ചേർത്ത് രണ്ടുകോടി രൂപ ചെലവിലാണ് ആധുനിക കെട്ടിടം നിർമിക്കുന്നത്.
എൻ.കെ. അക്ബർ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഹറ ബക്കർ, സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻ, ഷമീം അഷറഫ്, എ.കെ.വിജയൻ, ജിസ്ന ലത്തീഫ്, ജെസ്ന ഷെജീർ, ഷൈബ ദിനേശൻ, എം. കെ. അറാഫത്ത്, രജനി ടീച്ചർ, സെലീന നാസർ, റസീന ഉസ്മാൻ, എ.സി. ബാലകൃഷ്ണൻ, എഇഒ വി.ബി. സിന്ധു, പി.എ. അനിൽകുമാർ, ജിസ്ന റനീഷ്, എൻ.വി. ഷീജ, പ്രധാനാധ്യാപിക ജിനി.കെ. റപ്പായി എന്നിവർ പ്രസംഗിച്ചു.