ബസ് കാത്തിരിപ്പുകേന്ദ്രത്തിനായി തെരുവിലിറങ്ങി വിദ്യാർഥിനികൾ; ഒപ്പം പ്രിൻസിപ്പലും
1594375
Wednesday, September 24, 2025 7:42 AM IST
ഒല്ലൂർ: റോഡ് വികസനത്തിനായി പൊളിച്ച ഒല്ലൂർ ക്രിസ്റ്റഫർ നഗർ ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ജില്ലാ കളക്ടർ, കോർപറേഷൻ മേയർ, സിറ്റി പോലീസ് കമ്മീഷണർ, എസിപി എന്നിവർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെതുടർന്നായിരുന്നു പ്രതിഷേധം. 14 മാസം മുന്പാണ് ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയത്.
ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ ബസുകൾ, സ്റ്റോപ്പിൽ നിർത്താത്തതു പതിവായിരിക്കുകയാണ്. പിടിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ 500 വിദ്യാർഥിനികളാണ് മുദ്രവാക്യംവിളികളും പ്ലക്കാർഡുകളുമായി പങ്കെടുത്തത്.
പ്രിൻസിപ്പൽ സിസ്റ്റർ മേരി സീന, പിടിഎ പ്രസിഡന്റ് എം. ആഷ, വൈസ് പ്രസിഡന്റ് ഷാ ജു കിടങ്ങൻ, സ്കൂൾ ചെയർപേഴ്സൻ കെ. അഭിനന്ദ തുടങ്ങിയവർ പ്രസംഗിച്ചു.