ചേലക്കര മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം
1594772
Friday, September 26, 2025 1:53 AM IST
പഴയന്നൂർ: ഒരിടവേളക്കുശേഷം ചേലക്കര മേഖലയിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ മണലാടി, ചിറകോണം മേഖലകളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായ കൃഷിനാശം വരുത്തി.
ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി രണ്ടുതവണ ആനകൾ പ്രദേശത്തിറങ്ങിയത്. മണലാടി കളപ്പുരക്കൽ ജോസഫ്, മാഞ്ഞുപ്പറമ്പിൽ ലിസി എന്നിവരുടെ കൃഷിയിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടം സംഭവിച്ചത്. കർഷകനായ ജോസഫിന്റെ തെങ്ങുകളും കുലവന്ന വാഴകളുമാണ് ആനക്കൂട്ടം നശിപ്പിച്ചത്. തുടർച്ചയായുള്ള ആക്രമണം മൂലം കൃഷി മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണെന്ന് കർഷകനായ ജോസഫ് പ്രതികരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് ആനകളെ തുരത്തിയെങ്കിലും പുലർച്ചയോടെ ഇവ വീണ്ടും തിരിച്ചെത്തി നാശനഷ്ടങ്ങൾ വരുത്തി.
പുലർച്ചെ റബർ ടാപ്പിംഗിനു വരുന്ന എത്തുന്ന തൊഴിലാളികളും കടുത്ത ഭീതിയിലാണ്. കാട്ടാനയിറങ്ങിയ കുണ്ടുകാട് റോഡിൽ പലയിടത്തും വഴിവിളക്കുകൾ കത്തുന്നില്ല. ഇവിടങ്ങളിലെ വഴിവിളക്കുകൾ ഉടൻ നന്നാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അധികാരികൾ എത്രയും വേഗം വന്യമൃഗങ്ങളെ തടയാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വനത്തിൽ സ്ഥാപിച്ചിട്ടുള്ള സൈറൺ പോലുള്ള പ്രതിരോധ സംവിധാനങ്ങൾ വനത്തിന്റെ രണ്ടറ്റത്തായതിനാൽ ആനകൾ നടുക്കുകൂടിയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ഈ വിഷയത്തിൽ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും പഞ്ചായത്ത് മെമ്പർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.