അനധികൃത മത്സ്യബന്ധനം: ഏഴു വള്ളങ്ങൾ പിടികൂടി
1594539
Thursday, September 25, 2025 1:59 AM IST
ചാവക്കാട്: മത്സ്യബന്ധനനിയന്ത്രണം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ചതിനും പെയർ ട്രോളിംഗ് നടത്തിയതിനും നിയമാനുസൃതം കളർ കോഡ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയതിനും ഏഴു മത്സ്യബന്ധന യാനങ്ങൾ പിടികൂടി. ഫിഷറീസ്, തീരദേശ പോലീസ് മറൈൻ എൻഫോഴ്സ്മെന്റ് സംയുക്തസംഘം നടത്തിയ പരിശോധനയിലാണു വള്ളങ്ങൾ പിടികൂടിയത്. കാര വളവത്ത് കുഞ്ഞന്പാടിയുടെ ഉടമസ്ഥതയിലുള്ള കിലുക്കം എന്ന മത്സ്യബന്ധന യാനം ചെറുമത്സ്യങ്ങൾ പിടിച്ചതിന്റെ പേരിലാണ് പിടിച്ചെടുത്തത്.
അളവിൽ അല്ലാതെകണ്ട ഏകദേശം 2000 കിലോ ചെറുചാളയാണ് യാനത്തിലുണ്ടായിരുന്നത്. കളർ കോഡ് ഇല്ലാതെ മത്സ്യബന്ധനംനടത്തിയ കനകൻ, സുരേഷ്ബാബു, ബാദുഷ, സുദർശനൻ, വിജേഷ് എന്നിവരുടെ വള്ളങ്ങളും പിടിച്ചെടുത്തു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ഡോ. സി. സീമയുടെയും മുനയ്ക്കകടവ് കോസ്റ്റൽ എസ്എച്ച്ഒ ഫർഷദിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോന്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് യാനങ്ങൾ പിടിച്ചെടുത്തത്.
ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് പിഴ ഈടാക്കും. ഉപയോഗയോഗ്യമായ മത്സ്യം 9800 രൂപക്ക് ലേലം ചെയ്തു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.
ചാവക്കാട് മത്സ്യഭവൻ എഫ്എഒ രേഷ്മ ആർ. നായർ മുനയ്ക്കക്കടവ് കോസ്റ്റൽ പൊലീസ് എസ്ഐമാരായ ശിവദാസ്, ജലീൽ, ജോബി തുടങ്ങിയവരും പരിശോധയിൽ ഉണ്ടായിരുന്നു.