റെയിൽവേ അധികൃതർ ഗേറ്റ് അടച്ചു; പ്രതിഷേധവുമായി പ്രദേശവാസികൾ
1594538
Thursday, September 25, 2025 1:59 AM IST
വടക്കാഞ്ചേരി: റെയിൽവേ അധികൃതർ ഗേറ്റ് അടച്ചു, പ്രദേശവാസികൾ പ്രതിഷേധിച്ചു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ബസിറങ്ങിയ യാത്രക്കാർ എളുപ്പത്തിൽ സ്റ്റേഷനിലെത്താനും സമീപത്തെ റെയിൽവേ കോളനിയിലേക്കു വേഗത്തിൽ എത്താനുമുള്ള ഗേറ്റാണ് അധികൃതർ ഇന്നലെ അടച്ചത്. വർഷങ്ങൾ പഴക്കമുള്ള ഗേറ്റ് അടച്ചതോടെ പ്രദേശവാസികളും യാത്ര ക്കാരും ദുരിതത്തിലായി. റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടാണ് ഗേറ്റ് അടച്ചതെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അടച്ച ഗേറ്റ് നാട്ടുകാർക്കും യാത്രക്കാർക്കുമായി തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഡിവിഷൻ കൗൺസിലർമാർ രംഗ ത്തെത്തി. റെയിൽവേ കോളനി, വിവാദമായ ലൈഫ് ഭവനപദ്ധതി സ്ഥിതിചെയ്യുന്ന പ്രദേശമായ ചരൽപ്പറമ്പ്,പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥി കൾ പഠിക്കുന്ന എംആർഎസ് സ്കൂൾ എന്നിവർക്കെല്ലാം ഗേറ്റ് അടച്ചതോടെ ദുരിതമായി. റെയിൽവേയുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇതിനു പിന്നിലെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ നഗരസഭാ പ്രതിപക്ഷ നേതാവുമായ എസ്.എ.എ. അസാദ്, കൗൺസിലർ നെബീസ നാസറലി എന്നിവർ പറഞ്ഞു.