കാണാതിരിക്കരുത് ഈ ചിത്രക്കാഴ്ചകൾ
1594786
Friday, September 26, 2025 1:54 AM IST
തൃശൂർ: അടുക്കളയിൽനിന്ന് അരങ്ങത്തേക്കല്ല, ചിത്രക്കാഴ്ചകളുമായി അമ്മമാർ അക്കാദമിയിലേക്ക് എത്തിയിരിക്കുന്നു. ഒരുകാരണവശാലും കാണാതിരിക്കരുത് ഈ അമ്മമാരുടെ ചിത്രകല്പനകൾ.
അടുക്കളയിലും പാടത്തുമൊക്കെ പണിയെടുത്ത് കുടുംബം നോക്കിയിരുന്ന കെ. മാധവി, ദേവു നെൻമാറ എന്ന രണ്ട് അമ്മമാരാണ് തങ്ങൾ വരച്ച ചിത്രങ്ങളുമായി ലളിതകല അക്കാദമി ആർട്ട് ഗാലറിയിലെത്തിയിരിക്കുന്നത്. ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും വീട്ടിലുള്ള കലാകാരൻമാർ വരയ്ക്കുന്നതു നോക്കി മനസിലാക്കിയ അനുഭവസന്പത്തിൽനിന്നാണ് വൈവിധ്യമാർന്ന ചിത്രങ്ങൾ രൂപംകൊണ്ടിരിക്കുന്നത്.
"പൂമരങ്ങളും പൊലിവള്ളികളും' എന്നാണ് ചിത്രപ്രദർശനത്തിനിട്ടിരിക്കുന്ന പേര്. കാസർഗോഡുനിന്നാണ് ചിത്രങ്ങളുമായി മാധവിയെത്തിയതെങ്കിൽ പാലക്കാട് ജില്ലയിലെ നെന്മാറയിൽനിന്നാണ് ദേവുവിന്റെ വരവ്. ഒരു നിഗൂഢതയും ഒളിപ്പിച്ചുവച്ച് കാഴ്ചക്കാരെ കുഴക്കുന്നതല്ല രണ്ടുപേരുടെയും ചിത്രങ്ങൾ. ജീവിതത്തിൽ കണ്ട കാഴ്ചകൾതന്നെയാണ് കൂടുതലും.
62 വയസുള്ള മാധവി അന്പതാംവയസിലാണ് പെയിന്റും ബ്രഷും കൈയിലെടുക്കുന്നത്. കോവിഡ് കാലത്ത് അന്പതാംവയസിലാണ് ദേവു ചായക്കൂട്ടുകൾ കടലാസുകളിലേക്കു ചേർത്തുവയ്ക്കുന്നത്. രണ്ടുപേരുടെയും കലാകാരന്മാരായ മക്കൾ അമ്മമാരുടെ കഴിവുകൾ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചതോടെ ഇരുവരുടെയും തലവര മാറുകയായിരുന്നു.
ബംഗളൂരുവിൽ ദേവു മകൻ ഉണ്ണികൃഷ്ണനൊപ്പം മുന്പ് ചിത്രപ്രദർശനം നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമായാണ്. മാധവിയുടെ ചിത്രങ്ങൾ ഇതാദ്യമായാണ് പുറംലോകം കാണുന്നത്. 29 വരെയാണ് പ്രദർശനം.
വരയ്ക്കുന്പോൾ എന്തു തോന്നുന്നു എന്ന ചോദ്യത്തിന്, ഭയങ്കര സന്തോഷം കിട്ടുന്നുവെന്നായിരുന്നു ഇരുവരുടെയും മറുപടി.