വൈദ്യുതി ജീവനക്കാരെ വെട്ടിക്കുറച്ചതു പരിശോധിക്കാൻ കമ്മിറ്റി
1594389
Wednesday, September 24, 2025 7:42 AM IST
തൃശൂർ: കോർപറേഷൻ വൈദ്യുതിവിഭാഗം ജീവനക്കാരുടെ ശമ്പളപരിഷ്കരണവും സ്റ്റാഫ് പാറ്റേണും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിക്കാൻ തിരുവനന്തപുരത്തു മന്ത്രി എം.ബി. രാജേഷുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതായി മേയർ എം.കെ. വർഗീസ് അറിയിച്ചു.
കോര്പറേഷന് വൈദ്യുതിവിഭാഗം ജീവനക്കാരുടെ പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടെ ഏഴ് അംഗങ്ങളാണു കമ്മിറ്റിയില്‍ ഉണ്ടാകുക. കമ്മിറ്റിയുടെ പരിശോധനാ റിപ്പോർട്ട് ഒക്ടോബര്‍ 31നുള്ളില്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും തീരുമാനിച്ചു.ജീവനക്കാരെ വെട്ടിക്കുറച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണവകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നതു നിലവിൽ താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വര്‍ഗീസ് കണ്ടംകുളത്തി, എല്‍എസ്ജിഡി സ്പെഷല്‍ സെക്രട്ടറി അനുപമ, ഫിനാന്‍ഷ്യല്‍ അഡീഷണല്‍ സെക്രട്ടറി, കോര്പറേഷന് സെക്രട്ടറി, കെഎസ്ഇബി പ്രതിനിധികള്‍, കോര്പറേഷന് വൈദ്യുതിവിഭാഗം ജീവനക്കാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു.