തെരുവുവിളക്ക് അറ്റകുറ്റപ്പണി നടക്കുന്നില്ല; കരാറുകാരനെതിരേ നടപടി സ്വീകരിക്കും
1594363
Wednesday, September 24, 2025 7:41 AM IST
ഗുരുവായൂർ: നഗരസഭയിലെ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ കരാറുകാരൻ വീഴ്ചവരുത്തിയതിൽ കരാറുകാരനെതിരെ നടപടി സ്വീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
നഗരസഭ സെക്രട്ടറി കരാറുകാരനെ വിളിച്ചുവരുത്തി സംസാരിക്കും. പരിഹാരമായില്ലെങ്കിൽ കരാറുകാരനെ മാറ്റും. തെരുവുവിളക്കുകൾ നഗരസഭയുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണി നടത്തും.
തെരുവുവിളക്കുകൾ കത്താത്തതുസംബന്ധിച്ച് ഭരണ പ്രതിപക്ഷ കൗൺസിലർമാർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസന സദസിനു നാലുലക്ഷം അനുവദിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ പ്രതിപക്ഷം വിയോജനക്കുറിപ്പുനൽകി.
റെയിൽവേ മേൽപ്പാലത്തിനുതാഴെ ഓപ്പൺ ജിം ആരംഭിക്കുന്നതിന് ഭരണാനുമതി ലഭിക്കാനുള്ള നടപടി വേഗത്തിലാക്കാനും തീരുമാനമായി. മേൽപ്പാലവുമായി ബന്ധപ്പെട്ട മറ്റു പരാതികൾ പരിഹരിക്കുന്നതിനായി ആർബിഡിസികെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം വിളിക്കാനും തീരുമാനിച്ചു.
യോഗത്തിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, എ.എസ്. മനോജ്, സി.എസ്. സൂരജ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.