"ട്രെയിനിൽ'നിന്നു വിക്ഷേപിച്ച് അഗ്നി പ്രൈം മിസൈൽ
Friday, September 26, 2025 1:55 AM IST
സീനോ സാജു
ന്യൂഡൽഹി: ട്രെയിൻ മാതൃകയിൽ പ്രത്യേകം ഡിസൈൻ ചെയ്ത വാഹനത്തിൽനിന്ന് അഗ്നി-പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ.
2000 കിലോമീറ്റർ ദൂരപരിധിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈൽ റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽനിന്നാണു വിക്ഷേപിച്ചത്. ആദ്യമായാണ് റെയിൽവേ പാളത്തിലൂടെ നീങ്ങുന്ന ഒരു വാഹനത്തിൽനിന്ന് ഇന്ത്യ മിസൈൽ പരീക്ഷണം നടത്തുന്നത്.
ഇതോടെ റെയിൽ അധിഷ്ഠിതമായി ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആർഡിഒ) വിക്ഷേപണത്തിനു നേതൃത്വം നൽകിയത്. എവിടെവച്ചാണു മിസൈൽ വിക്ഷേപണം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും മിസൈൽ വിക്ഷേപണത്തിന്റെ വീഡിയോ ദൃശ്യം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
ഇടത്തരം റേഞ്ചുള്ള മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിൽ ഡിആർഡിഒയെയും സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിനെയും സായുധസേനയെയും പ്രതിരോധമന്ത്രി അഭിനന്ദിച്ചു.
ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖലയായ ഇന്ത്യക്ക് 70,000 കിലോമീറ്ററുകളിൽ വ്യാപിച്ചുകിടക്കുന്ന റെയിൽവേ ട്രാക്കുണ്ട്. പരീക്ഷണത്തിന്റെ വിജയത്തിലൂടെ ഈ ട്രാക്കുകളിൽ എവിടെവച്ചു വേണമെങ്കിലും പ്രത്യേകം സജ്ജമാക്കിയ വിക്ഷേപണ ലോഞ്ചറിൽനിന്ന് മിസൈൽ വിക്ഷേപിക്കാം. ഇതോടൊപ്പംതന്നെ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളിൽനിന്ന് മിസൈലുകൾ ട്രെയിൻ തുരങ്കങ്ങളിൽ ഒളിപ്പിച്ചുവച്ച് അവസാനനിമിഷം പുറത്തെടുത്ത് മിന്നലാക്രമണം നടത്താനും കഴിയും.