രാഹുൽ ഇഫക്ട്; വോട്ടർ സ്ഥിരീകരണം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, September 25, 2025 2:50 AM IST
സീനോ സാജു
ന്യൂഡൽഹി: കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ ആയിരത്തോളം വോട്ടർമാരുടെ പേരുകൾ അവർ പോലുമറിയാതെ വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യാൻ ശ്രമം നടന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതിനുപിന്നാലെ വോട്ടർ സ്ഥിരീകരണം കർശനമാക്കി തെരഞ്ഞെടുപ്പു കമ്മീഷൻ.
വോട്ടർമാരായി രജിസ്റ്റർ ചെയ്യുന്നതിനും വോട്ടർപട്ടികയിൽ പേരുകൾ കൂട്ടിച്ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായ അപേക്ഷകൾ നൽകുന്നതിനും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നന്പറുകൾ നിർബന്ധമാക്കി. ഇതിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ഇസിഐനെറ്റിലും ആപ്പിലും ‘ഇ-സൈൻ’ എന്ന പുതിയ ഫീച്ചർ കമ്മീഷൻ അവതരിപ്പിച്ചു.
നേരത്തേ വോട്ടർ തിരിച്ചറിയൽ കാർഡിന്റെ (എപിക്) നന്പറുമായി ബന്ധിപ്പിച്ച ഏതെങ്കിലും ഫോണ്‍നന്പർ ഉപയോഗിച്ച് ഓണ്‍ലൈനായി വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുമായിരുന്നു. ഈ വിവരങ്ങളെല്ലാം അപേക്ഷകന്റെതന്നെ ആണോയെന്ന് അറിയാനുള്ള സ്ഥിരീകരണവും മുന്‍പ് ഉണ്ടായിരുന്നില്ല.
എന്നാൽ ‘ഇ-സൈൻ’ നടപ്പിലാക്കിത്തുടങ്ങിയതിലൂടെ അപേക്ഷകൻ ആധാറിൽ ഉപയോഗിച്ചിരിക്കുന്ന അതേ പേരാണു വോട്ടർ തിരിച്ചറിയൽ കാർഡിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അവർ ഉയോഗിക്കുന്ന നന്പർ ആധാറുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും സ്ഥിരീകരിക്കണം. ഇതിനുശേഷം മാത്രമേ വോട്ടർപട്ടികയിൽ പേരുകൾ കൂട്ടിച്ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായ അപേക്ഷാഫോമുകൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക പോർട്ടലിലൂടെ അപേക്ഷകന് സമർപ്പിക്കാൻ കഴിയൂ.
കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 2023ലെ തെരഞ്ഞെടുപ്പിൽ വോട്ടർമാർപോലുമറിയാതെ 6,018 വോട്ടുകൾ ഓണ്‍ലൈനായി നീക്കം ചെയ്യാനുള്ള ശ്രമം നടന്നുവെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് വോട്ടർപട്ടികയിൽ ഓണ്‍ലൈനായി പേരുകൾ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകൾ നൽകേണ്ടതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിത്തുടങ്ങിയത്.
നിങ്ങൾ മോഷ്ടിക്കുന്നത് ഞങ്ങൾ പിടികൂടിയപ്പോൾ നിങ്ങൾ വാതിലുകൾ കുറ്റിയിടാൻ ഓർമിച്ചുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചുകൊണ്ട് രാഹുൽ പുതിയ പരിഷ്കാരത്തോടു പ്രതികരിച്ചത്. അലന്ദ് മണ്ഡലത്തിലെ ആരോപണങ്ങളിൽ കർണാടക സിഐഡിക്ക് എന്നു തെളിവുകൾ കൈമാറുമെന്നും രാഹുൽ എക്സിലൂടെ ചോദിച്ചു.
കേന്ദ്രീകൃതമായ ഒരു ഓണ്‍ലൈൻ സംവിധാനത്തിലൂടെ വോട്ടർമാർ അറിയാതെ വോട്ടർപട്ടികയിൽനിന്ന് അവരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നായിരുന്നു ഈ മാസം 18ന് എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് തെളിവുകൾ നിരത്തി ആരോപിച്ചത്.
അലന്ദ് മണ്ഡലത്തിലെ ഗോദാഭായ് എന്ന 63കാരിയുടെ പേരിൽ അതേ മണ്ഡലത്തിലെ 12 പേരെ വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്യാനുള്ള അപേക്ഷ നൽകിയെന്നും ഇതിനായി കർണാടകയ്ക്കു പുറത്തുനിന്നുൾപ്പെടെയുള്ള 12 നന്പറുകൾ ഉപയോഗിച്ചെന്നും രാഹുൽ ആരോപിച്ചിരുന്നു.