ഡിജിറ്റൽ അറസ്റ്റിനിരയായി ബിജെപി എംപിയുടെ ഭാര്യ; പണം തിരിച്ചുപിടിച്ചു
Wednesday, September 24, 2025 1:49 AM IST
ബംഗളൂരു: ഡിജിറ്റൽ അറസ്റ്റിന് ഇരയായി ബിജെപി എംപിയും കര്‍ണാടക മുന്‍ മന്ത്രിയുമായ ഡോ. കെ. സുധാകറിന്റെ ഭാര്യ ഡോ. പ്രീതി. ഇവരിൽനിന്നു തട്ടിയെടുത്ത 14 ലക്ഷം രൂപ പിന്നീട് ബംഗളൂരു പോലീസ് ഇടപെടലിലൂടെ തിരിച്ചുപിടിച്ചു.
കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. വിദേശത്ത് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളുമായി ഡോ. പ്രീതിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. വാട്സ്ആപ്പ് കോളിൽ എത്തിയ തട്ടിപ്പുകാർ അതിര്‍ത്തി കടന്നുള്ള കള്ളപ്പണം വെളുപ്പിക്കലില്‍ പ്രീതിയുടെ സ്വകാര്യ രേഖകള്‍ ദുരുപയോഗം ചെയ്തതായി പറഞ്ഞു.
റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രീതിയുടെ അക്കൗണ്ടിലുള്ള പണം പരിശോധനയ്ക്കായി മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കാൻ നിർദേശിച്ചു. ഇതനുസരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്നു തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു പ്രീതി 14 ലക്ഷം രൂപ അയയ്ക്കുകയും ചെയ്തു. പണം ലഭിച്ചയുടനെ തട്ടിപ്പുകാര്‍ അപ്രത്യക്ഷരായി. തട്ടിപ്പാണെന്നു മനസിലാക്കിയ പ്രീതി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് ഉടൻതന്നെ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്നിനു പ്രീതിയുടെ അക്കൗണ്ടിൽ പണം തിരികെ ലഭിച്ചു. ‘ഗോള്‍ഡന്‍ അവറി’നുള്ളില്‍ നാഷണല്‍ സൈബര്‍ ഹെല്‍പ്പ് ലൈന്‍ (എന്‍സിആര്‍പി) 1930 എന്ന നമ്പറിലേക്കു വിളിച്ച് പരാതി നല്കിയതിനാൽ 14 ലക്ഷം രൂപ മുഴുവന്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെന്നു പോലീസ് പറഞ്ഞു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.